ആഞ്ജലീന ജോളിയാവാന്‍ ശ്രമിച്ച യുവതിക്ക് 10 വര്‍ഷം തടവ് ശിക്ഷയുമായി ഇറാന്‍ കോടതി

ആരാധനമൂത്ത് ആരാധകര്‍ എന്തെല്ലാം ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. അങ്ങനെ ഒരു വാര്‍ത്തയാണ് ഇറാനില്‍ നിന്നും വരുന്നത്. പക്ഷേ ഇത് അല്‍പം കടുത്തുപോയി. ഹോളിവുഡ് നടി ആഞ്ജലീന ജോളിയാവാനായി സര്‍ജറി നടത്തിയെന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ ഇറാന്‍ സ്വദേശിനി സഹര്‍ തബറിന്‍. അവര്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മതനിന്ദ ആരോപിച്ച് 2019 അറസ്റ്റ് ചെയ്യപ്പെട്ട സഹര്‍ തബര്‍ ജയിലിലാണിപ്പോള്‍ കഴിയുന്നത്. മതനിന്ദയ്ക്ക് പുറമേ സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചു, അഴിമതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സഹറിനെ അറസ്റ്റ് ചെയ്തത്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് സഹറിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സഹറിനെ കുറ്റവിമുക്തയാക്കി വെറുതെ വിടണമെന്നാവശ്യപ്പെട്ട് ലോകമൊട്ടാകെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ ആഞ്ജലീന ജോളി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഫത്തേമേ ഖിഷ്വന്ത് എന്നാണ് സഹറിന്റെ യഥാര്‍ഥ പേര്. ഇന്‍സ്റ്റാഗ്രാമില്‍ സഹര്‍ തബര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആഞ്ജലീനയെപ്പോലെയാവാന്‍ താന്‍ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു സഹര്‍ തബറിന്റെ അവകാശവാദം. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഞ്ജലീനയെപ്പോലെയാവാന്‍ എന്തും ചെയ്യുമെന്നും ഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണക്രമത്തിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും സഹര്‍ പറഞ്ഞിരുന്നു.

ശസ്ത്രക്രിയക്കുശേഷമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് സഹര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ 325000 ചിത്രങ്ങളാണ് ഇങ്ങനെ സഹര്‍ പോസ്റ്റ് ചെയ്തത്. തുടക്കത്തില്‍ പലരും സഹറിനെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്‌തെങ്കിലും പിന്നീട് കടുത്ത വിമര്‍ശനവും പരിഹാസവുമായി. സഹര്‍ സര്‍ജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.