റിയാദില്‍ ഹവാല പണമിടപാട് സംഘത്തിലെ ആറു പേരെ അറസ്റ്റ് ചെയ്തു


റിയാദ്: ഹവാല പണമിടപാട് സംഘത്തിലെ ആറുപേരെ സൗദിയില്‍ അറസ്റ്റ് ചെയ്തു. ഇവരുടെ കേന്ദ്രങ്ങളില്‍ നിന്ന് 18,86,708 റിയാലും ബാങ്കുകള്‍ വഴി വിദേശങ്ങളിലേക്ക് പണമയച്ചതിന്റെ രേഖകളും കണ്ടെത്തി.
ആറു പേരും യമനികളാണ്. ഇഖാമ നിയമ ലംഘകരായ അഞ്ചു പേരും ഒരു നുഴഞ്ഞുകയറ്റക്കാരനും അടങ്ങിയ സംഘമാണ് പിടിയിലായത്.
രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം വിദേശത്തേക്ക് അയക്കുകയാണ് സംഘം ചെയ്തിരുന്നത്. ഹവാല ഇടപാടുകള്‍ക്ക് സ്ഥാപന ഉടമകള്‍ സംഘത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. റിയാദിലെ രണ്ടു താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം ഹവാല മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്.
നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി പ്രതികള്‍ക്കെതിരായ കേസില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് റിയാദ് പോലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.