സൗദിക്ക് പിന്നാലെ ബഹ്‌റൈനിലും പ്രവാസികള്‍ക്കടക്കം എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍

മനാമ: സൗദിക്ക് പിന്നാലെ ബഹ്‌റൈനിലും പ്രവാസികള്‍ക്കടക്കം എല്ലാവര്‍ക്കും സൗജന്യമായി കൊറോണവൈറസ് വാക്‌സിന്‍ നല്‍കാന്‍ ബഹ്‌റൈന്‍ ഭരണകൂടം തീരുമാനിച്ചു. രാജ്യത്തെ 27 മെഡിക്കല്‍ കേന്ദ്രങ്ങള്‍ വഴിയാകും വാക്‌സിന്‍ വിതരണം ചെയ്യുക. സ്വദേശികള്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന ബഹ്‌റൈന്റെ തീരുമാനം ഏറെ ആശ്വാസകരമാണ്. നിരവധി വിദേശികള്‍ക്കും രോഗം ബാധിച്ച രാജ്യമാണ് ബഹ്‌റൈന്‍. കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കിരീടവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ദിവസവും 5000 മുതല്‍ 10000 വരെ വാക്‌സിന്‍ ആണ് ഭരണകൂടം ലക്ഷ്യമിടുന്നത്. രണ്ടു വര്‍ഷം മുമ്ബുള്ള കണക്ക് പ്രകാരം 16 ലക്ഷത്തോളമാണ് ബഹ്‌റൈനിലെ ജനസംഖ്യ. 87000ത്തിലധികം പേര്‍ക്ക് രാജ്യത്ത് കൊറോണ ബാധിച്ചിരുന്നു. 341 മരണവും റിപ്പോര്‍ട്ട് ചെയ്തു. 85000ത്തിലധികം പേര്‍ രോഗമുക്തരായി.

ഫൈസര്‍ കമ്ബനി തയ്യാറാക്കിയ കൊറോണ വാക്‌സിന്‍ വാങ്ങുന്നതിന് ബഹ്‌റൈന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ബ്രിട്ടന് പിന്നാലെയാണ് ബഹ്‌റൈനും ഫൈസര്‍ വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചത്. വിശദമായ അവലോകനങ്ങള്‍ക്ക് ശേഷമാണ് ബഹ്‌റൈന്റെ നാഷണല്‍ ഹെല്‍ത്ത് റെഗുറേറ്ററി അതോറിറ്റി ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് വാക്‌സിന്‍ സൂക്ഷികേണ്ടത്. വേനല്‍ കാലത്ത് 40 സെല്‍ഷ്യസ് ചൂടുള്ള രാജ്യമാണ് ബഹ്‌റൈന്‍. അതുകൊണ്ടുതന്നെ വാക്‌സിന്‍ സംഭരണത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. മൂന്നാഴ്ചക്കിടെ രണ്ടു ഡോസ് വാക്‌സിനുകളാണ് നല്‍കേണ്ടത്.

സിനോഫാം ഒരുക്കിയ ചൈനീസ് വാക്‌സിന്‍ ഉപയോഗിക്കുന്നതിനും ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. ഫൈസര്‍ കൊറോണ വൈറസ് വാക്‌സിന് കഴിഞ്ഞ ബുധനാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യം ബ്രിട്ടനാണ്. 95 ശതമാനം വരെ കൊറോണ രോഗം തടയാന്‍ ഈ വാക്‌സിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു.