ദുബായില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം

ദുബായ്: ദുബായിയില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം. പ്രവാസികള്‍ക്ക് അടക്കം ഗുണകരമാകുന്നതാണ് പുതിയ പദ്ധതി. അല്‍ നഹ്ദ സെന്റര്‍ വഴിയാണ് നൂതന സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
ഇതോടെ നിലവിലുള്ള വിസ പുതുക്കാനായോ, അതല്ലെങ്കില്‍ പുതുതായി എത്തുന്നവര്‍ക്കോ വിസ അടിക്കാന്‍ ദുബായില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് സാധിക്കും. പുതിയൊരു സ്ഥലത്തെത്തി ബുദ്ധിമുട്ടുന്നവര്‍ക്കും പ്രവാസികള്‍ക്കും ഇത് ഗുണകരമാകും. ഇന്ത്യക്കാര്‍ക്കടക്കമുള്ളവര്‍ക്കാണ് ഇത് ഏറ്റവും ഗുണം ചെയ്യുക.
മെഡിക്കല്‍ പരിശോധന അടക്കം പൂര്‍ത്തിയാക്കിയ ശേഷം എമിറേറ്റ്സ് ഐഡിക്ക് അപേക്ഷ നല്‍കി സാധാരണ സാഹചര്യത്തില്‍ 4 ദിവസമോ അതില്‍ കൂടുതലോ എടുക്കുന്ന വിസാ സ്റ്റാമ്പിങ് പ്രക്രിയയാണ് നടക്കാറുള്ളത്. മെഡിക്കല്‍ എമിറേറ്റ്സ് ഐഡി അപകേഷ എന്നിവ പൂര്‍ത്തിയാക്കി ഇതിപ്പോള്‍ രണ്ട് മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കും. ദുബായ് ആരോഗ്യ വിഭാഗം ഖിസൈസ് അല്‍ നഹ്ദയില്‍ ആരംഭിച്ച അല്‍ നഹ്ദ സെന്ററിലാണ് ഈ അതിവേഗ പദ്ധതി ആരംഭിച്ചത്.
പൂര്‍ണമായും സര്‍ക്കാര്‍ അനുബന്ധ ജോലികള്‍ക്ക് മാത്രമായുള്ള കെട്ടിടമാണിത്. മെഡിക്കല്‍ പരിശോധനയുടെ സങ്കീര്‍ണതയില്‍പ്പെട്ട യോഗ്യത ലഭിക്കാതെ വരുന്ന വിഭാഗത്തലുള്ള ഓഡിയോളജി പരിശോധനയ്ക്കും ഇവിടെ ഏറ്റവും പുതിയ സാങ്കേതിക ലാബുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ദിവസവും നാലായിരം ടെസ്റ്റുകള്‍ നടത്താനും ഒരേസമയം 800 പേര്‍ വരെ ഉള്‍ക്കൊള്ളാനും ഈ കേന്ദ്രത്തിന് ശേഷിയുണ്ട്.
മികച്ച പരിശീലനം നേടിയ ഇരുന്നൂറോളം പ്രൊഫഷണനലുകളുടെ സേവനമാണ് ഇവിടെ എത്തുന്ന ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ബാഗ്ദാദ് സ്ട്രീറ്റിലാണ് അല്‍ നഹ്ദ സെന്ററിന്റെ പുതിയ ശാഖ. ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും വരുന്നവര്‍ക്ക് എളുപ്പത്തില്‍ ഇവിടെ എത്തിപ്പെടാന്‍ സാധിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കൂടിയാണ് ഈ ലാബുകളെന്ന് ദുബായ് ആരോഗ്യ വിഭാഗം തലവന്‍ ഹുമൈദ് പറഞ്ഞു. അദ്ദേഹമാണ് സെന്റര്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.