വന്‍ സമ്മാന പദ്ധതിയുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍(ഡിഎസ്എഫ്) 17 മുതല്‍ ജനുവരി 30 വരെ നടക്കും. 25 കിലോ സ്വര്‍ണവും ആഡംബര കാറുകളുടെ വന്‍ നിരയും വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പില്‍ ജേതാക്കള്‍ക്ക് ലഭിക്കും. 3500 കടകളില്‍ 25 മുതല്‍ 75% വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി കോവിഡ് വിമുക്തമെന്ന ദുബായ് അഷ്വേഡ് മുദ്ര നല്‍കിയാണ് ഇത്തവണത്തെ ഫെസ്റ്റിവലെന്ന് ഡിഎഫ്ആര്‍ഇ സിഇഒ അഹമ്മദ് അല്‍ ഖാജാ വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് 17ന് രാത്രി 8.30ന് ദുബായ് ഡൗണ്‍ടൗണ്‍ ബുര്‍ജ് പാര്‍ക്കിലെ ദ് ബോക്‌സില്‍ അറബ് സംഗീതജ്ഞര്‍ ഹുസൈന്‍ അല്‍ ജാസ്സ്മിയും താമര്‍ ഹോസ്‌നിയും സംഗീതപരിപാടി നടത്തും. 50 ദിര്‍ഹം മുതലാണ് ടിക്കറ്റ് വില. തത്സമയം എംബിസി1 ലും വനസഹയിലും കാണാം.

വന്‍ ഓഫറുകള്‍

ഇന്‍ഫിനിറ്റി മെഗാ റാഫിളില്‍ 200 ദിര്‍ഹം ടിക്കറ്റുകളുടെ നറുക്കെടുപ്പ് ദിവസവും നടക്കും. 45 ഇന്‍ഫിനിറ്റി ക്യുഎക്‌സ്60 കാറുകളാണ് വിജയികള്‍ക്ക് നല്‍കുക. രണ്ടുലക്ഷം ദിര്‍ഹവും പ്രതിദിനം സമ്മാനമുണ്ട്. ഇതിനു പുറമേ സമാപന ദിവസത്തിലെ വിജയിക്ക് കാറും അഞ്ചുലക്ഷം ദിര്‍ഹവുമാണ് സമ്മാനം.
25 ദിര്‍ഹം ടിക്കറ്റുകളുടെ പ്രതിദിന നറുക്കെടുപ്പിലൂടെ 45 നിസാന്‍ കാറുകളാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുക. ആഴ്ചയിലൊരിക്കല്‍ പുതിയ മോഡല്‍ കാറുകളും പതിനായിരം ദിര്‍ഹവും സമ്മാനം നല്‍കും.
ദുബായ് ഷോപ്പിങ് മാളില്‍ 200 ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെ ആഴ്ചയിലൊരിക്കല്‍ ഒരുലക്ഷം ദിര്‍ഹം വീതം സമ്മാനവും ലഭിക്കും.
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ പട്ടികയിലുള്ള 180 ജ്വല്ലറികളില്‍ നിന്ന് 500 ദിര്‍ഹത്തിന്റെ ആഭരണം വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണുകളുടെ നറുക്കെടുപ്പിലെ വിജയികള്‍ക്ക് ആകെ 25 കിലോ സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക.

കലാപരിപാടികള്‍

ലാമെര്‍, സിറ്റി വാക്ക്, അല്‍ സീഫ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, ഇബന്‍ ബത്തൂത്ത മാള്‍ എന്നിവിടങ്ങളിലെല്ലാം സംഗീതകാരന്മാരുടെയും ചിത്രകാരന്മാരുടെയും ലൈവ് പ്രദര്‍ശനങ്ങളും പരിപാടികളും നടക്കും.
ദുബായ് ഓപ്പറയില്‍ 19ന് ഉച്ചക്ക് രണ്ടു മുതല്‍ രാത്രി എട്ടുവരെ സിമോണ്‍ ആന്‍ഡ് ഗാര്‍ഫുങ്കല്‍ എന്നിവരുടെ ലൈവ് പരിപാടികളുണ്ടാകും.
അല്‍ ഖവനീജിലെ ലാസ്റ്റ് എക്‌സിറ്റ്, അല്‍ സീഫ്, ബുര്‍ജ് പാര്‍ക്ക്, നഖീല്‍ മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും. ഇവിടങ്ങളില്‍ ഭക്ഷണത്തിനു ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
നഖീല്‍ മാളില്‍ ഇന്നുമുതല്‍ ജനുവരി 3 വരെ പ്രത്യേക ഓഫറുകളുണ്ട്. സിറ്റിമാളില്‍ 29 വരെ ദിവസവും വൈകിട്ട് നാലിന് പ്രത്യേക പരിപാടികളും ഇളവുകളും നല്‍കും.
മാള്‍ ഓഫ് എമിറേറ്റ്‌സില്‍ വിന്റര്‍ വുഡ് ലാന്‍ഡ് പരിപാടി 24 വരെ നടക്കും.