ജിസാനില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു

ജിസാന്‍: ബൈഷിലെ അലായയില്‍ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം കൊട്ടാരക്കര വായക്കല്‍ സ്വദേശി സുമയ്യ മന്‍സിലില്‍ കബീറി(50)ന്റെ മൃതദേഹം ഖബറടക്കി. ബൈഷിന് അടുത്തുള്ള അദാമയിലാണ് ഖബറടക്കം നടത്തിയത്. ഖബറടക്കവുമായി ബന്ധപ്പെട്ട രേഖകകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനു വേണ്ടി സ്‌പോണ്‍സര്‍ മുന്‍ദിര്‍, ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജിസാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് എരുമേലി, നൗഷാദ് കൊല്ലം എന്നിവര്‍ മരണപ്പെട്ട കബീറിന്റെ സഹോദരങ്ങള്‍ക്കൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു. റിയാദില്‍ നിന്നു വന്ന അനുജന്റെ പേരിലായിരുന്നു വക്കാലത്ത് നല്‍കിയിരുന്നത്.

മൊയ്തീന്‍ അബ്ദുല്‍ഖാദര്‍-ജമീല ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ ബീവി. മക്കള്‍: സുമയ്യ, സൂഫിയ. സഹോദരങ്ങള്‍: സകീര്‍ ഹുസയ്ന്‍, സുധീര്‍.

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍, കബീറിന്റെ നാട്ടുകാരും സുഹൃത്തുക്കളും പ്രദേശവാസികളായ ചില സൗദി പൗരന്മാരും ഖബറടക്കത്തിന് സന്നിഹിതരായിരുന്നു.