വിദേശി തൊഴിലാളികള്‍ക്ക് തൊഴില്‍ പരീക്ഷ നടത്താന്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സിന്

റിയാദ്: സൗദി അറേബ്യയിലെ വിദേശി തൊഴിലാളികള്‍ക്ക് തൊഴില്‍ പരീക്ഷ നടത്താന്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സിന് നഗര, ഗ്രാമ മന്ത്രി മാജിദ് അല്‍ഉഖൈല്‍ നിര്‍ദേശം നല്‍കി. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരീക്ഷ നടത്തുന്ന പദ്ധതി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ഇതുവഴി എഞ്ചിനീയറിംഗ് മേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായിട്ടുണ്ട്. 
വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവുമുളള വിദഗ്ധ തൊഴിലാളികളെയാണ് സൗദി അറേബ്യ ഇതുവഴി ലക്ഷ്യമിടുന്നത്. പരീക്ഷ നടത്തുക വഴി തൊഴില്‍, സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാകുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ഇതുസംബന്ധിച്ച നിര്‍ദേശം തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ചിരുന്നു.