ഓഫിസുകള്‍ കയറേണ്ട; സൗദിയില്‍ അബ്ശീര്‍ സേവനങ്ങള്‍ വര്‍ധിപ്പിച്ചു

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴി 280 ഇനം സേവനങ്ങള്‍ നല്‍കുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ്, അബ്ശിര്‍ ബിസിനസ്, അബ്ശിര്‍ ഗവണ്‍മെന്റ് എന്നീ മൂന്നു പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഇത്രയും സേവനങ്ങള്‍ അബ്ശിര്‍ നല്‍കുന്നത്.

അബ്ശിര്‍ വഴി കഴിഞ്ഞ വര്‍ഷം 21 പുതിയ സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയവരുടെ എണ്ണം 18.3 ദശലക്ഷം കവിഞ്ഞു. അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഇതുവരെ ആകെ 120 കോടി അന്വേഷണങ്ങള്‍ ലഭിച്ചു. പ്രതിവര്‍ഷം ശരാശരി 12 കോടി അന്വേഷണങ്ങള്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോം വഴി ആകെ 30 കോടി ഇന്ററാക്ടീവ് സേവനങ്ങള്‍ നല്‍കി. പ്രതിവര്‍ഷം ശരാശരി മൂന്നു കോടി ഇന്ററാക്ടീവ് സേവനങ്ങള്‍ അബ്ശിര്‍ നല്‍കുന്നുണ്ട്. ജവാസാത്ത്, ട്രാഫിക് ഡയറക്ടറേറ്റ്, സിവില്‍ അഫയേഴ്‌സ് തുടങ്ങി നിരവധി വകുപ്പുകളുടെ സേവനങ്ങള്‍ അബ്ശിര്‍ വഴി നല്‍കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകളെ നേരിട്ട് സമീപിക്കാതെ തന്നെ അബ്ശിര്‍ വഴി ആ വകുപ്പുകളുടെ സേവനങ്ങള്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ ഗുണഭോക്താക്കള്‍ക്ക് സാധിക്കും.