ട്രെയിലര്‍ കാറുകളിലേക്ക് മറിഞ്ഞു; ഒരു മരണം

റിയാദ്: കിഴക്കന്‍ റിയാദിലെ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ മേല്‍പാലത്തിനു മുകളില്‍ നിന്ന് ട്രെയിലര്‍ ടിപ്പര്‍ ലോറി കാറുകള്‍ക്കു മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പാലത്തിനു താഴെ കൂടി സഞ്ചരിക്കുകയായിരുന്ന രണ്ടു കാറുകള്‍ക്കു മുകളിലേക്കാണ് കല്ലും മണ്ണും വഹിച്ച ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. പടിഞ്ഞാറു ദിശയില്‍ അല്‍നഹ്ദ റോഡ് ഇന്റര്‍സെക്ഷനു തൊട്ടുമുമ്പാണ് അപകടം. സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ് സംഘങ്ങളും സുരക്ഷാ വകുപ്പുകളും അടക്കം ബന്ധപ്പെട്ട വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി.