കുവൈറ്റ് പാര്‍ലമെന്റില്‍ 31 പുതുമുഖങ്ങള്‍

കുവൈത്ത് സിറ്റി :  കുവൈറ്റ് പാര്‍ലമെന്റില്‍ 31 പുതുമുഖങ്ങള്‍. ഇക്കുറി പാര്‍ലമെന്റില്‍ കടന്നുകൂടിയവരില്‍ 31 പേര്‍ പുതുമുഖങ്ങളാണ്. അതേസമയം ഇക്കുറി വനിതാ മെമ്പര്‍മാരില്ല. പ്രമുഖര്‍ ഉള്‍പ്പെടെ മത്സരിച്ച 29 വനിതകള്‍ മത്സരിച്ചെങ്കിലും കൂട്ടതോല്‍വി ആയിരുന്നു ഫലം. ഇതോടെ ഇത്തവണ വനിതകളില്ലാത്ത പാര്‍ലമെന്റാകും കുവൈത്തില്‍.

ശനിയാഴ്ചയായിരുന്നു 16-ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. 50 അംഗ പാര്‍ലമെന്റിലേക്ക് അഞ്ചു മണ്ഡലങ്ങളില്‍ നിന്നും പത്ത് പേരെയാണ് തെരഞ്ഞെടുത്തത്. 43 സിറ്റിംഗ് എംപിമാര്‍ ഉള്‍പ്പെടെ 326 പേര്‍ മത്സരിച്ചു. സിറ്റിംഗ് എംപിമാരില്‍ പത്തൊന്‍പത് പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. നിലവിലെ പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിം, ഡെപ്യൂട്ടി സ്പീക്കര്‍ ഈസ അല്‍ കന്‍ദരി തുടങ്ങിയവര്‍ വീണ്ടും രെതരഞ്ഞെടുക്കപ്പെട്ടു. വിദേശികള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ക്കൊണ്ടു വിവാദം സൃഷ്ടിച്ച വനിതാ പാര്‍ലമെന്റ് അംഗം സഫാ അല്‍ ഹാഷിം പരാജയപ്പെട്ടു.

മെത്താം 5.67 ലക്ഷം വോട്ടര്‍മാരില്‍ 60 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയായിരുന്നു വോട്ടെടുപ്പ്. കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക പോളിങ്ങ് ബൂത്തുകള്‍ ഒരുക്കിയിരുന്നു.

പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. പുതിയ മന്ത്രിസഭ നിലവില്‍വരുന്നത് വരെ കെയര്‍ ടേക്കര്‍ മന്ത്രിസഭയായി തുടരും. ഷെയ്ഖ് സബാഹ് ഖാലിദ് അസ്സബാഹിനെ തന്നെ വീണ്ടും പ്രധാനമന്ത്രിയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പാര്‍ലമെന്റിന്റെ ആദ്യ സെഷന്‍ ഡിസംബര്‍ 15 ന് നടക്കും. ആദ്യ സെഷന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉദ്ഘാടനം ചെയ്യും. അതിന് മുമ്പ് മന്ത്രിസഭ രൂപീകരിക്കും. പഴയ മന്ത്രിസഭയിലെ മിക്ക അംഗങ്ങളും പുതിയ മന്ത്രിസഭയിലും ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 15 മന്ത്രിമാര്‍ ഉള്‍പ്പെടെ പാര്‍ലമെന്റില്‍ 65 അംഗങ്ങളുണ്ടാകും.