ഇസ്രായേല്‍ ബന്ധം; നിലപാട് കടുപ്പിച്ച് സൗദി

സ്വതന്ത്ര ഫലസ്തീൻ നിലവിൽവരാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി


മനാമ: യു.എ.ഇ ഇസ്രായേലുമായി ബന്ധം ശക്തമാക്കുന്നതിനിടെ തങ്ങളുടെ നിലപാടില്‍ ഉറച്ച് സൗദി അറേബ്യ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽവരാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. മനാമ ഡയലോഗ് സമ്മേളനത്തിന്റെ ഭാഗമായ പതിനാറാമത് റീജനൽ സെക്യൂരിറ്റി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീനികളും ഇസ്രായിലുകളും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാനാണ് നിലവിൽ മുൻഗണന നൽകേണ്ടത്. ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള ഏക മാർഗം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കലാണ്. ഖത്തറുമായുള്ള പ്രതിസന്ധി വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യ ശ്രമിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കക്ഷികൾക്കും തൃപ്തികരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കുകയാണ്. ഗൾഫ് രാജ്യങ്ങളുടെ സംയോജനത്തിലും ഐക്യത്തിലും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് ഏറെ താൽപര്യമുണ്ട്.