ഉംറ നിര്‍വഹിക്കാനും വ്യാജ പെര്‍മിറ്റ് നല്‍കുന്ന ഏജന്‍സികള്‍; മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്ത് മാത്രമേ പെര്‍മിറ്റ് നേടാവൂ

മക്ക: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയ പശ്ചാത്തലത്തില്‍ വ്യാജ പെര്‍മിറ്റുകള്‍ നല്‍കുന്ന റാക്കറ്റുകള്‍ സജീവമാണെന്നും സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണമെന്നും സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഘങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൃത്രിമമായി തയ്യാറാക്കിയ ഉംറ പെര്‍മിറ്റുകള്‍ വ്യാപകമായി വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഉംറ പെര്‍മിറ്റിനായി തട്ടിപ്പുസംഘങ്ങളുടെ വലയില്‍ വീഴരുതെന്നും മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്ത് മാത്രമേ പെര്‍മിറ്റ് നേടാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാജ പെര്‍മിറ്റുമായി തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. മൊബൈല്‍ ആപ്പ് വഴിയല്ലാതെ ലഭിക്കുന്ന എല്ലാ പെര്‍മിറ്റുകളും വ്യാജമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് ഉംറ പെര്‍മിറ്റിനു വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങള്‍ വഴി ആഴ്ചകളോളമുള്ള ബുക്കിംഗ് ഇതിനകം നടന്നുകഴിഞ്ഞു. ഈയൊരു സാഹചര്യം മുതലെടുത്താണ് തട്ടിപ്പു സംഘങ്ങള്‍ വലിയ തുക വാങ്ങി വ്യാജ പെര്‍മിറ്റുകള്‍ നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം റാക്കറ്റുകള്‍ക്കെതിരായ അന്വേഷണം ഊര്‍ജിതമാക്കിയതായും മന്ത്രാലയം അറിയിച്ചു.

അടുത്ത ദിവസങ്ങളിലായി ഉംറ നിര്‍വഹിക്കുന്നതിനും പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന റൗദാ ശരീഫില്‍ പ്രാര്‍ഥന നടത്തുന്നതിനുമായി എത്തിയവരില്‍ നിന്ന് വ്യാജ പെര്‍മിറ്റുകള്‍ പോലിസ് പിടിച്ചെടുത്തിരുന്നു. സൗദിയിലെ ചില ഏജന്റുമാരില്‍ നിന്നാണ് ഇവ ലഭിച്ചതെന്ന് തീര്‍ഥാടകരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അധികൃതര്‍.

മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികള്‍ സന്ദര്‍ശിക്കുന്നവരും ഉംറ തീര്‍ഥാടകരും പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത് ഔദ്യോഗിക മൊബൈല്‍ ആപ്പായ ഇഅ്തമര്‍നാ വഴിയാണ്. പള്ളികളിലെ പ്രാര്‍ഥനയ്ക്കുള്ള പെര്‍മിറ്റ് ലഭിക്കുക എളുപ്പമാണെങ്കിലും ഉംറ തീര്‍ഥാടനത്തിനുള്ള പെര്‍മിറ്റ് അത്ര പെട്ടെന്ന് കിട്ടിയെന്നു വരില്ല. അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം ആഴ്ചകളോളമുള്ള ബുക്കിംഗ് നേരത്തേ കഴിഞ്ഞതാണ് ഇതിനു കാരണം. അതിനിടയിലാണ് തട്ടിപ്പുസംഘം മുതലെടുപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.