ഇസ്രായേലുകാര്‍ക്ക് യു.എ.ഇ ടൂറിസ്റ്റ് വിസ അനുവദിച്ചുതുടങ്ങി

ദുബായ്: ഇസ്രായേല്‍ പൗരന്മാര്‍ക്ക് യുഎഇ ടൂറിസ്റ്റ് വിസ നല്‍കാന്‍ ആരംഭിച്ചു. എയര്‍ലൈന്‍സ്, ട്രാവല്‍, ടൂറിസം ഓഫീസുകള്‍ വഴിയാണ് ടൂറിസ്റ്റ് വിസ നല്‍കുന്നത്. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തെ ഉദ്ധരിച്ച് വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതമാണ് ഇക്കാര്യം.
ഇരു രാജ്യങ്ങളും ഒപ്പിട്ട അബ്രഹാം കരാറില്‍ ഉഭയകക്ഷി, നയതന്ത്ര ബന്ധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.

നിക്ഷേപ പരിരക്ഷ, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയോടൊപ്പം യുഎഇയും ഇസ്രായേലും  നേരിട്ടുള്ള ഫ്‌ളൈറ്റ് സര്‍വീസ്, വിസ രഹിത യാത്ര എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലും ഒപ്പിട്ടിട്ടുണ്ട്. പ്രവേശന വിസ നിബന്ധനകളില്‍ നിന്ന് പരസ്പര ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലുമായുള്ള കരാര്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് യുഎഇ മന്ത്രിസഭ അംഗീകരിച്ചു.

വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനാണ് സെപ്റ്റംബര്‍ 15 ന് യുഎഇയും ഇസ്രായേലും തമ്മിലുള്ള അബ്രഹാം കരാറില്‍ ഒപ്പുവെച്ചത്.