സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 1539 തടവുകാര്‍ക്ക് മോചനം

റിയാദ്: സൗദിയില്‍ മലയാളികള്‍ അടക്കം 1539 തടവുകാരെ വിട്ടയച്ചു. തക്കതായ കാരണങ്ങളൊന്നുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച 1539 പേരെയാണ്‌ സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ വിട്ടയച്ചു. ഇങ്ങനെ വിട്ടയക്കപ്പെട്ടവരില്‍ വിദേശികളും മലയാളികളും ഉള്‍പ്പെടും. കുറ്റങ്ങളൊന്നും ചെയ്യാതെ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് സൗദി ജയിലുകളിലും തടവ് കേന്ദ്രങ്ങളിലും കഴിയുന്ന ആളുകളെയാണ് പ്രിസണ്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇടപെട്ട് മോചിപ്പിച്ചത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി രാജ്യത്തെ ജയിലുകളിലും ഡിറ്റെന്‍ഷന്‍ സെന്ററുകളിലും കഴിയുന്നവരെ കുറിച്ച് ജയില്‍ വകുപ്പ് നടത്തിയ പഠനത്തെ തുടര്‍ന്നാണ് പബ്ലിക് പ്രൊസിക്യൂഷന്റെ നടപടി. ഇവര്‍ അറസ്റ്റ് ചെയ്യപ്പെടാനിടയായ സാഹചര്യം, കൃത്യമായ ചടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടാണോ ഇവരെ അറസ്റ്റ് ചെയ്തത്, ഇവരുടെ കാര്യത്തില്‍ അവകാശ ലംഘനങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജയില്‍ അധികൃതര്‍ പരിശോധിച്ചത്. തുടര്‍ന്ന് അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടവരെന്ന് വ്യക്തമായ 1539 പേരെ വിട്ടയക്കാന്‍ കോടതിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്ന് വകുപ്പ് പ്രതിനിധി അബ്ദുല്ല അല്‍ ബലൈഹി അറിയിച്ചു.

തങ്ങളെ അന്യായമായാണ് പോലിസ് അറസ്റ്റ് ചെയ്തതെന്ന് കാണിച്ച് ജയിലുകളിലും മറ്റ് തടവ് കേന്ദ്രങ്ങളിലും കഴിയുന്ന 24000ത്തിലേറെ പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പബ്ലിക് പ്രൊസിക്യൂഷന്‍ പരാതി നല്‍കിയിരുന്നു. ഇവ കൂടി കണക്കിലെടുത്താണ് ജയില്‍ വകുപ്പിന്റെ നടപടി. കോടതി കുറ്റവിമുക്തരാക്കുകയും പിഴ ചുമത്തുകയും ചെയ്തവര്‍ അതിനു ശേഷവും തടവറകളില്‍ കഴിയുന്നുണ്ടോ എന്ന കാര്യവും പ്രിസണ്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കുന്നുണ്ട്.

ജയിലുകളിലും തടവ് കേന്ദ്രങ്ങളിലും സാമൂഹിക സുരക്ഷാ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി തടവുകാരുമായി നേരിട്ട് സംസാരിക്കുകയും മറ്റ് തെളിവുകള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരാളെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം പ്രിസണ്‍ കണ്‍ട്രോള്‍ വകുപ്പിന് ഉണ്ടെന്നും അബ്ദുല്ല അല്‍ ബലൈഹി കൂട്ടിച്ചേര്‍ത്തു.