മദീനയിൽ മരണപ്പെട്ട അസ്‌കർ അലിയുടെ മയ്യിത്ത് ജന്നത്തുൽ ബഖീഇൽ ഖബറടക്കി

മദീന:  കഴിഞ്ഞ ദിവസം മദീനയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തിരൂരങ്ങാടി വെളിമുക്ക് സ്വദേശി എറക്കുത്ത് അസ്‌കർ അലി(46)യുടെ മൃതദേഹം മദീന മുനവ്വറയിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കി. വെളിമുക്ക് പാലക്കൽ എറക്കുത്ത് ഹസ്സൻ-ആയിഷ ദമ്പതികളുടെ മകനാണ്. 22 വർഷത്തോളമായി മദീന അസീസിയയിൽ ബ്രോസ്റ്റ് കട നടത്തിവരികയായിരുന്നു. അവധികഴിഞ്ഞു തിരിച്ചെത്തിയ പകരക്കാരനെ കടയിലെ ചുമതലയേൽപ്പിച്ചു  അടുത്തയാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കയായിരുന്നു അസ്‌കർ അലി. അതിനിടെ നേരിയ പനി ബാധിച്ചു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം മദീന അൽ സഹ്‌റ ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചത്. ഭാര്യ: ഖൈറുന്നിസ. മക്കൾ ഫാത്തിമ ഫിദ, മുഹമ്മദ് സഹൽ, ആയിഷ ഹന്ന. ഇളയ സഹോദരൻ ഇദ്‌രീസ് മദീനയിൽ ജോലിചെയ്തു വരുന്നുണ്ട്.

ഇന്ത്യൻ സോഷ്യൽ ഫോറം മദീന വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി  സോഷ്യൽ ഫോറം വളണ്ടിയർ അസീസ് കുന്നുംപുറം, ബന്ധുവായ മുസ്തഫ എറക്കുത്ത് എന്നിവരുടെ സാന്നിധ്യത്തിൽ  മദീന മുനവ്വറ ജന്നത്തുൽ ബഖീഇൽ ഖബറടക്കി. (ഫോട്ടോ)