ഫലസ്തീന്റെ അവകാശങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് സൗദി അറേബ്യ

റിയാദ്: സൗദി രാജാവ് അബ്ദുല്‍ അസീസിന്റെ അതേനയം തന്നെയാണ് ഫലസ്തീന്‍ വിഷയത്തില്‍ ഇന്നുമുള്ളതെന്നു സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഫലസ്തീന്റെ അവകാശങ്ങള്‍ക്കൊപ്പമാണ് സൗദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്തില്‍ അറബ് ലീഗ് കൗണ്‍സിലിലില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം ആസ്ഥാനമായുള്ള ഫലസ്തീന്‍ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച സൗദി നിലപാട് തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കോവിഡ് സാഹചര്യത്തില്‍ 10 ദശലക്ഷം റിയാലിന്റെ സഹായം ഗസ്സയിലെത്തിച്ചതായും മന്ത്രി അറിയിച്ചു.
അറബ് ലീഗ് കൗണ്‍സിലിന്റെ അസാധാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു യോഗം. ഈ യോഗത്തിലാണ് സൗദി അറേബ്യ ഫലസ്തീനോടുളള നിലപാട് വീണ്ടും വ്യക്തമാക്കിയത്. 1967ലെ അതിര്‍ത്തി പ്രകാരം ജറുസലേം തലസ്ഥാനമായ സ്വന്തം രാജ്യമെന്ന ഫലസ്തീന്‍ ജനതയുടെ സ്വപ്‌നത്തിനൊപ്പമാണ് സൗദി അറേബ്യ. 2002-ലെ അറബ് സമാധാന പദ്ധതി ഇത് ഉറപ്പു നല്‍കുന്നുണ്ട്. അറബ്-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാനും ഈ പദ്ധതി നിര്‍ബന്ധമാണ്. ഫലസ്തീന്റെ മണ്ണില്‍ അനധികൃതമായുള്ള കയ്യേറ്റം അവസാനിപ്പിക്കണം. 10 ദശലക്ഷം റിയാലിന്റെ സഹായം ഗസ്സയിലേക്കും ഫലസ്തീന്‍ ജനതക്കും കോവിഡ് തുടങ്ങിയതോടെ സൗദി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചില രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച പശ്ചാത്തത്തില്‍ കൂടിയാണ് സൗദിയുടെ നിലപാട് ആവര്‍ത്തിക്കലെന്നതും ശ്രദ്ധേയമാണ്.