ഇറാനില്‍ ഭൂകമ്പമുണ്ടായാല്‍ അതിനും സൗദി ഉത്തരം പറയണോ? ഇറാനെ പരിഹസിച്ച് സൗദി മന്ത്രി

ഇറാനില്‍ ഭൂകമ്പമുണ്ടായാല്‍ അതിനും സൗദി ഉത്തരം പറയണോ? ഇറാനെ പരിഹസിച്ച് സൗദി മന്ത്രി. ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദയെ വെടിവച്ചു കൊന്നതില്‍ സൗദി ഭരണകൂടത്തിന് പങ്കുണ്ടെന്ന ഇറാന്റെ ആരോപണത്തെ പരിഹസിച്ചാണ് സൗദി മന്ത്രി രംഗത്തെത്തിയത്. ഇറാനില്‍ ഇനിയുണ്ടാവുന്ന ഭൂകമ്പത്തിനും വെള്ളപ്പൊക്കത്തിനുമെല്ലാം സൗദിയെ കുറ്റപ്പെടുത്തുമോ എന്നു ചോദിച്ചായിരുന്നു സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ രംഗത്തെത്തിയത്.

തെഹ്‌റാനു സമീപം കാറില്‍ യാത്രചെയ്യവെ വെടിയേറ്റുമരിച്ച ഇറാന്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകത്തില്‍ സൗദിക്കും പങ്കുണ്ടെന്ന ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് സരീഫിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് പരിഹാസ രൂപത്തിലുള്ള ട്വിറ്റര്‍ സന്ദേശവുമായി സൗദി മന്ത്രി രംഗത്തുവന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കൊലപാതകത്തെ കുറിച്ച് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇറാനില്‍ നടക്കുന്ന എല്ലാ മോശം കാര്യങ്ങള്‍ക്കും സൗദിയെ കുറ്റപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുകയാണ് വിദേശകാര്യമന്ത്രി സരീഫെന്ന് സൗദി മന്ത്രി ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്നാണ് അടുത്ത ഭൂകമ്പത്തിനും പ്രളയത്തിനും ഇറാന്‍ സൗദിയെ കുറ്റപ്പെടുത്തുമോ എന്ന പരിഹാസത്തോടെയുള്ള ചോദ്യം അദ്ദേഹം ഉന്നയിച്ചത്. കൊലപാതകങ്ങള്‍ നടത്തുകയെന്നത് സൗദി അറേബ്യയുടെ നയമല്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച തെഹ്റാന് സമീപം കാറില്‍ യാത്ര ചെയ്യുകയായിരുന്ന മുതിര്‍ന്ന ഇറാന്‍ ശാസ്ത്രജ്ഞനും ഇറാന്‍ റിസേര്‍ച്ച് ആന്റ് ഇനൊവേഷന്‍ ഓര്‍ഗനൈസേഷന്‍ തലവനുമായ മുഹ്‌സിന്‍ ഫഖ്‌രിസാദയെ അഞ്ജാത സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്റെ ആരോപണം. ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഭരണകൂടവും സൈന്യവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇറാന്‍ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.