ഷാര്‍ജയില്‍ കൊടും വനം; അതും 5000 മൃഗങ്ങളുള്ള വനം

മണലാരണ്യമാണ്, പുല്ല് മുളക്കില്ല, എന്ന ചിന്തകളൊക്കെ ഗള്‍ഫിനെ സംബന്ധിച്ച് പഴങ്കഥകളാണ്. പുല്ല് മാത്രമല്ല മറ്റ് കൃഷിയും കാടും എല്ലാം വളര്‍ത്തി വിജയിച്ച ഇവിടെയിപ്പോള്‍ വളരുന്നത് ആഫ്രിക്കന്‍ കാടാണ്. ആഫ്രിക്കയ്ക്കു പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പദ്ധതി ഷാര്‍ജയിലാണ് ഒരുങ്ങുന്നത്. ദൈദ് അല്‍ ബര്‍ദി റിസര്‍വിനോട് അനുബന്ധിച്ച് 14 ചതുരശ്ര കിലോമീറ്ററിലാണ് ഈ കാട് പദ്ധതി.
വിവിധ ഇനങ്ങളില്‍ നിന്നുള്ള 50,000 മൃഗങ്ങള്‍ ഉണ്ടാകും. പുതിയ അന്തരീക്ഷവുമായി ഇണങ്ങാന്‍ പല മൃഗങ്ങളെയും എത്തിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്കു സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കുന്ന സഫാരി ആഫ്രിക്കന്‍ കാട്ടിലൂടെയുള്ള യാത്രാനുഭവം സമ്മാനിക്കും. പദ്ധതിയുടെ പ്രധാന പണികള്‍ പൂര്‍ത്തിയായി. പദ്ധതി വൈകാതെ തുറക്കുമെന്നാണ് കരുതുന്നത്. ആനകള്‍ക്കുള്ള മേഖലയുടെ നിര്‍മാണം പൂര്‍ത്തിയായി. ആഫ്രിക്കന്‍ ആനകളടക്കം ഉണ്ടാകും. സിംഹങ്ങള്‍ക്കുള്ള മേഖലയുടെ 90 ശതമാനം പൂര്‍ത്തിയായി. കാണ്ടാമൃഗങ്ങള്‍ക്കുള്ള പ്രദേശം ഒരുങ്ങുന്നു.
വന്യമൃഗങ്ങളെക്കുറിച്ചുള്ള പഠനഗവേഷണ കേന്ദ്രമാക്കാനും പദ്ധതിയുണ്ട്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍മാണ പുരോഗതി വിലയിരുത്തി. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ അറിയാന്‍ കഴിയുന്ന ശില്‍പശാലകള്‍, പ്രദര്‍ശന മേളകള്‍ എന്നിവ സഫാരിയില്‍ ഉണ്ടാകുമെന്ന് എന്‍വയണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി (ഇപിഎഎ) ചെയര്‍പഴ്‌സന്‍ ഹന സെയ്ഫ് അല്‍ സുവൈദി പറഞ്ഞു.
മരുഭൂമിയില്‍ വംശനാശം നേരിടുന്ന മൃഗങ്ങള്‍ക്കു സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കി സംരക്ഷണം നല്‍കുന്ന അല്‍ ഹെഫൈയ്യാ മൗണ്ടന്‍ കണ്‍സര്‍വേഷന്‍ സെന്ററും ഷാര്‍ജയിലുണ്ട്. പഠനഗവേഷണ കേന്ദ്രമായി ഇവിടം വളര്‍ന്നുവരുകയാണ്.അറേബ്യന്‍ കൃഷ്ണമൃഗങ്ങള്‍, പുള്ളിപ്പുലികള്‍, കഴുതപ്പുലികള്‍, ചെന്നായ്, കാട്ടുപൂച്ചകള്‍, പാമ്പുകള്‍, മറ്റ് ഉരഗങ്ങള്‍ എന്നിങ്ങനെ മുപ്പതിലേറെ ഇനങ്ങള്‍ ഇവിടുണ്ട്.
സുരക്ഷിതമായി ജീവിക്കാനും സ്വാഭാവിക രീതിയില്‍ ഇര പിടിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.