കിണറ്റിൽ വീണു മരിച്ച തഞ്ചാവൂർ സ്വദേശി അരുൾ ദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മദീന: മദീനയിൽ നിന്നും 300 കി.മീ. അകലെ അൽ അസുവായിൽ ജോലിസ്ഥലത്തിനടുത്തു ആഴമേറിയ കിണറ്റിൽ വീണു മരിച്ച തമിഴ്‌നാട് കുംഭകോണം സ്വദേശി അരുൾ ദാസിന്റെ (46) മൃതദേഹം ഇന്ത്യൻ സോഷ്യൽ ഫോറം മദീന വെൽഫെയർ വിങ്ങിന്റെ ഇടപെടലിലൂടെ സ്വദേശത്തേക്കു കൊണ്ട് പോയി. കാർഷിക മേഖലയായ അൽ അസുവയിൽ ജലവിതരണ ട്രക്കിൽ എട്ടു വർഷമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അരുൾദാസ്. കഴിഞ്ഞ ജനുവരിയിലാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരികെയെത്തിയത്. വെള്ളം ശേഖരിക്കാനായി വാഹനത്തിൽ പോയ അരുൾദാസ് തിരിച്ചെത്താത്തതിനെ തുടർന്ന് സ്പോൺസറും ബന്ധപ്പെട്ടവരും അന്വേഷിച്ചുവരുന്നതിനിടെയാണ് ആഗസ്ത് ഒമ്പതിന് സമീപത്തെ ആഴമേറിയ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർ നടപടികൾക്ക് സ്പോൺസർ വിവിധ കൂട്ടായ്മകളുമായി ബന്ധപ്പട്ടിരുന്നുവെങ്കിലും വിഫലമാവുകയാണുണ്ടായത്. വിവരമറിഞ്ഞ തമിഴ്‌നാട് സ്വദേശി  യാമ്പുവിലെ ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയർ റഫീഖ്  മദീന ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങുമായി ബന്ധപ്പെടുകയായിരുന്നു.  സോഷ്യൽ ഫോറം മദീന വെൽഫെയർ ഇൻ ചാർജ് അസീസ് കുന്നുംപുറം വിഷയത്തിൽ ഇടപെടുകയും സോഷ്യൽ ഫോറം തമിഴ്നാട് സ്റ്റേറ്റ് ഭാരവാഹികളായ ജാബിർ രാമനാഥപുരം (റിയാദ്),  അൽ അമാൻ (ജിദ്ദ) എന്നിവർ മുഖേന  അരുൾദാസിൻ്റെ ബന്ധുക്കളെ കണ്ടെത്തി മൃതദേഹം നാട്ടിലെത്തിക്കാനുള്ള  നടപടികൾ നടത്തുകയായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള സത്വരമായ നടപടികൾ കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു.കുംഭകോണം അയ്യാവടി മാതാകോവിൽ സ്ട്രീറ്റ് എരുതായ സൂസൈ-ജെയിംസ് മേരി  എന്നിവരുടെ മകനാണ്  അരുൾദാസ്.  ഭാര്യ വിനോലിയ മേരി. രണ്ടു പെണ്മക്കളുണ്ട് ഇവർക്ക്.  സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡണ്ട് കെ.പി. മുഹമ്മദ്, സെക്രട്ടറി നിയാസ് അടൂർ, അഷ്‌റഫ് ചൊക്ലി, റഷീദ് വരവൂർ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
രേഖകൾ സംബന്ധമായ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം മദീനയിൽ നിന്നും ചെന്നൈയിലേക്കുള്ള  എമിറേറ്റ്സ് എയർലൈൻസിന്റെ ഇ കെ 2810 വിമാനത്തിൽ മൃതദേഹം കൊണ്ടുപോയി. ചെന്നൈ എയർപോർട്ടിൽ അരുൾദാസിന്റെ ബന്ധുക്കളും ചെന്നൈയിലെ എസ്.ഡി.പി.ഐ. പ്രവർത്തകരായ സിറാജുദ്ദീൻ, സകീർ ഹുസ്സൈൻ എന്നിവരും മൃതദേഹം ഏറ്റുവാങ്ങി ജന്മനാട്ടിലേക്ക് കൊണ്ട് പോയി സംസ്കരിച്ചു. അരുൾദാസിന് ലഭിക്കാനുണ്ടായിരുന്ന അഞ്ചു മാസത്തെ ശമ്പളത്തുക  സ്പോൺസറിൽ നിന്നും സ്വീകരിച്ച് ഉടൻ തന്നെ കുടുംബത്തിന് കൈമാറുമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു.