യു.എ.ഇ 13 രാജ്യങ്ങള്‍ക്ക് വിസ നിരോധിച്ചത് കോവിഡ് സുരക്ഷ കരുതി

അബുദാബി: 13 രാജ്യങ്ങളിലുള്ളവര്‍ക്ക് യു.എ.ഇ വിസാനിയന്ത്രണം ഏര്‍പ്പെടുത്തിയത് കോവിഡ് മൂലം. 13 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രാജ്യത്ത് താല്‍ക്കാലികമായാണ് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ പുതിയ വിസ അനുവദിക്കുന്നേയില്ല. വിസിറ്റിങ് വിസ ഇന്ത്യക്കാര്‍ക്കടക്കം നിരവധി രാജ്യങ്ങള്‍ക്കില്ല.
തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന്‍, അള്‍ജീരിയ, പാകിസ്താന്‍, ലെബനന്‍, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. നവംബര്‍ 18 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിസിറ്റിംഗ് വിസകള്‍ക്കും വിലക്കുണ്ട്. കോവിഡ് സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എ.ഇ നടപടിയെന്നാണ് വിലയിരുത്തല്‍.
നേരത്തെ യു.എ.ഇ വിസ നിര്‍ത്തലാക്കിയ കാര്യം പാകിസ്താന്‍ സ്ഥിരീകരിച്ചിരുന്നു. യു.എ.ഇയോട് വിശദീകരണം ആവശ്യപ്പെട്ടതായും പാകിസ്താന്‍ അറിയിച്ചിരുന്നു. അതേസമയം ഇതിനകം നല്‍കിയ വിസകളില്‍ നിരോധനം ബാധകമല്ലെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ്സ്, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, സ്റ്റുഡന്റ് വിസ എന്നിവയുള്‍പ്പെടെ വിവിധ വിസ വിഭാഗങ്ങള്‍ യു.എ.ഇയിലുണ്ട്.