മലയാളി കെവിന്‍ തോമസ് വീണ്ടും ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റിലേക്ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റിലേക്ക് മലയാളിയായ കെവിന്‍ തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ അട്ടിമറി വിജയത്തിലൂടെ ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്ററായ ആദ്യ ഇന്ത്യന്‍ അമേരിക്കനായിരുന്നു ഈ റാന്നിക്കാരന്‍.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കെവിനെ തോല്‍പ്പിക്കാന്‍ ന്യൂയോര്‍ക്കിലെ ഏറ്റവും പ്രബലമായ പൊലീസ് സംഘടനയായ എന്‍വൈസി പൊലീസ് ബെനവലന്റ് അസോസിയേഷന്‍ നേരിട്ട് കളത്തിലിറങ്ങിയിരുന്നു. എതിര്‍പക്ഷത്തുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കായി 10 ലക്ഷം ഡോളറും ചെലവഴിച്ചു. ആദ്യം കെവിന്‍ തോല്‍വിയോടടുത്തെങ്കിലും തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വിജയിച്ചു.

പൊലീസുകാര്‍ക്കെതിരായ അച്ചടക്ക നടപടികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമല്ലാതാക്കുന്ന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതാണ് കെവിനെ അസോസിയേഷന്റെ കണ്ണിലെ കരടാക്കിയത്. നിലവില്‍ സംസ്ഥാന സെനറ്റിന്റെ ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനായ കെവിന്‍ ന്യൂയോര്‍ക്ക് പ്രൈവസി ആക്ട് എന്ന നിയമത്തിന്റെ പണിപ്പുരയിലുമാണ്. തങ്ങളുടെ വ്യക്തിവിവരങ്ങള്‍ ഏതൊക്കെ ഏജന്‍സികള്‍ക്ക് ലഭ്യമാകുന്നു എന്ന് അറിയാനും ആവശ്യമെങ്കില്‍ ചില ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത് തടയാനും ഉപയോക്താവിന് അവകാശം നല്‍കുന്ന നിയമമാണ് ഇത്.