ഒമാന്‍ ദേശീയദിനം; 390 തടവുകാര്‍ക്ക് മാപ്പ് നല്‍കി

മസ്‌കറ്റ്: അമ്പതാം ഒമാന്‍ ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി വിദേശികള്‍ ഉള്‍പ്പെടെ 390 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖ് പ്രത്യേക മാപ്പ് നല്‍കി. ഇതോടെ ഇവര്‍ ജയില്‍ മോചിതരാകും. രാജകീയ മാപ്പ് ലഭിച്ചവരില്‍ 150 വിദേശ തടവുകാരും ഉള്‍പ്പെടും.

ബുധനാഴ്ചയാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്. 25 നും 26 നും രാജ്യത്ത് അവധി നല്‍കി. ദേശീയ ദിനത്തിലല്ല, തുടര്‍ന്നു വരുന്ന ആഴ്ചയിലാണ് ഒമാനില്‍ സാധാരണ അവധി അനുവദിക്കാറ്.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഒരു മാസം നീളുന്ന മെയ്ഡ് ഇന്‍ ഒമാന്‍ പ്രമോഷന്‍ ഉള്‍പ്പെടെ നിരവധി അനുസ്മരണ പരിപാടികള്‍ നടക്കും. ഒമാനി യുവാക്കളുടെ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം ലക്ഷ്യമിട്ടാണ് പരിപാടി.