ബുര്‍ജ് ഖലീഫയില്‍ നിന്നും ചാടി ചരിത്രമിട്ട ജെറ്റ്മാന്‍ പരിശീലനത്തിനിടെ മരിച്ചു

ദുബൈ: ബുര്‍ജ് ഖലീഫയില്‍ നിന്നും ചാടി ചരിത്രമിട്ട ജെറ്റ്മാന്‍ എന്നറിയപ്പെടുന്ന വിന്‍സെന്‍റ് റെഫെറ്റ് (36) പരിശീലനത്തിനിടെ കൊല്ലപ്പെട്ടു. ദുബായിലെ മരുഭൂമിയില്‍ നടത്തുന്ന പരിശീലനത്തിനിടെയായിരുന്നു ഫ്രഞ്ചുകാരനായ റെഫെറ്റ് അപകടത്തില്‍ പെട്ടത്. ദുബായ് എക്സ്പോ 2020 ന്‍റെ ഭാഗമായുള്ള മിഷന്‍ ഹ്യൂമന്‍ മിഷന്‍ ഫ്ലൈറ്റിനുവേണ്ടിയായിരുന്നു മരുഭൂമിയിലെ പരിശീളനം. ജെറ്റ്മാന്‍ ദുബായ് അധികൃതരാണ് വിന്‍സെന്റ് റെഫെറ്റിന്‍റെ മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്

‘വിന്‍സ് വളരേയധികം കഴിവുള്ള ഒരു കായികതാരമായിരുന്നു, ഞങ്ങളുടെ ടീമിലെ വളരെയധികം സ്നേഹിക്കപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന അംഗമായിരുന്നു, ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവരുമായും ഉണ്ട്’- ജെറ്റ്മാന്‍ ദുബായി അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്ന് റെഫെറ്റ് ചാടി ദുബായില്‍ 828 മീറ്റര്‍ (2,716 അടി) ലോക റെക്കോര്‍ഡ് സ്ഥാപിച്ച വിന്‍സിന്‍റെ മാതാപിതാക്കളും സ്കൈ ഡൈവര്‍ ആയിരുന്നു. സ്‌കൈ ഡൈവറെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള റെഫെറ്റിന്റെ സ്‌പോണ്‍സര്‍ റെഡ് ബുള്ളാണ്.

സ്വിസ് സാഹസികനായ യെവ്സ് റോസി സ്ഥാപിച്ച ജെറ്റ്മാന്‍ ദുബായിയുടെ ഭാഗമായാണ് വിന്‍സ് ശ്രദ്ധിക്കപ്പെടുന്നത്. ദുബൈയിലെ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ബന്ധപ്പെട്ടിരിക്കുന്ന എക്സ് ദുബായിയുടെ ബ്രാന്‍ഡിന് കീഴില്‍ ജെറ്റ്മാന്‍മാര്‍ ബുര്‍ജ് ഖലീഫയെയും നഗരത്തിന് ചുറ്റമുള്ള മറ്റ് പല കേന്ദ്രങ്ങളില്‍ നിന്നും സാഹസിക പറക്കലുകള്‍ നടത്തിയിരുന്നു.

2015ല്‍ ഡബിള്‍ ഡെക്കര്‍ എമിറേറ്റ്‌സ് എയര്‍ബസ് എ380ക്കൊപ്പം ദുബായ്ക്ക് മുകളിലൂടെ പറന്ന റെഫെറ്റിന്‍റേയും റോസിയുയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് ദുബൈയിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലാവുകയും ചെയ്തിരുന്നു. മലയാളികള്‍ ഉള്‍പ്പടെ ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍.