അടുത്തവര്‍ഷം ലോകം നേരിടാന്‍ പോകുന്നത് കടുത്ത ദാരിദ്ര്യം: യുഎന്‍

ജനീവ: 2020ല്‍ ഉണ്ടായതിനേക്കാള്‍ കടുത്ത ദാരിദ്ര്യമായിരിക്കും അടുത്തവര്‍ഷം ലോകം നേരിടാന്‍ പോകുന്നതെന്ന് ലോക ഭക്ഷ്യ പരിപാടി (ഡബ്ല്യുഎഫ്പി). ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പരിപാടിക്ക് ലഭിച്ച സമാധാന നൊബേല്‍ പുരസ്‌കാരം യഥാര്‍ഥത്തില്‍ ലോകനേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ഡബ്ല്യുഎഫ്പി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡേവിഡ് ബെയ്സ്ലി പറഞ്ഞു.

കോവിഡിനെതിരെയുള്ള പോരാട്ടത്തോടൊപ്പം ഏറ്റവും അടുത്ത മാസങ്ങളില്‍ത്തന്നെ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പട്ടിണിമൂലമുള്ള ദുരന്തംകൂടി നേരിടേണ്ടിവരുമെന്ന് ഏപ്രിലില്‍ ബെയ്സ്ലി യുഎന്‍ സുരക്ഷാ കൗണ്‍സിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 13.5 കോടി ആളുകളാണ് ദുരിതത്തിലായത്. കോവിഡ് വ്യാപനത്തോടെ 2020ന്റെ അവസാനം 13 കോടി ജനങ്ങള്‍കൂടി ഈ അവസ്ഥയിലാകും.

യമന്‍, ദക്ഷിണ സുഡാന്‍, വടക്കുകിഴക്കന്‍ നൈജീരിയ തുടങ്ങിയ ഇടങ്ങളില്‍ വര്‍ഷങ്ങളായുള്ള പ്രശ്നങ്ങള്‍മൂലം ഭക്ഷണം ലഭിക്കാത്ത അവസ്ഥ തീവ്രമായിരുന്നു. അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, എത്യോപ്യ, ഹൈതി, ലബനന്‍, മാലി തുടങ്ങിയ രാജ്യങ്ങളിലും പ്രത്യേക നടപടി ആവശ്യമാണ്. അടുത്ത വര്‍ഷം ഡബ്ല്യുഎഫ്പിക്ക് 1500 കോടി ഡോളറാണ് ആവശ്യം. 500 കോടി ഡോളര്‍ ക്ഷാമം നേരിടുന്നതിനും 1000 കോടി കുട്ടികള്‍ക്ക് പോഷകാഹാരം എത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ഇത് ലഭിച്ചാല്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ ശരിയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ-ബെയ്സ്ലി പറഞ്ഞു.