മുഖക്കുരു, വായില്‍ വ്രണം, പൊട്ടിയ ചുണ്ടുകള്‍ എന്തിന്റെ രോഗലക്ഷണമാണെന്നറിയേണ്ടേ?

വിറ്റാമിന്‍ എയുടെ കുറവ് നിങ്ങളുടെ മുഴുവന്‍ ശരീരത്തിനും പ്രശ്നമുണ്ടാക്കും. വിറ്റാമിന്‍ എയ്ക്ക് കണ്ണിന്റെ ആരോഗ്യം, മുറിവുണക്കല്‍, പുനരുല്‍പാദനം, അസ്ഥി രൂപീകരണം എന്നിവയില്‍ പ്രധാന പങ്കുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടുകയും ജലദോഷം പോലുള്ള അസുഖങ്ങളെ തടഞ്ഞു നിര്‍ത്തുകയും ചെയ്യും. വിറ്റാമിന്‍ എ കുറവുണ്ടാകാനുള്ള സാധ്യത നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു.

  1. രാത്രി അന്ധത

കുറഞ്ഞ അളവിലുള്ള വിറ്റാമിന്‍ എ നിങ്ങളുടെ കണ്ണില്‍ അടങ്ങിയിരിക്കുന്ന ലൈറ്റ് സെന്‍സിറ്റീവ് പ്രോട്ടീനായ റോഡോപ്സിന്‍ അഭാവത്തിന് കാരണമാകും. ഈ പ്രോട്ടീന്റെ അഭാവം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചയെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ വിറ്റാമിന്‍ എയുടെ കുറവുണ്ടാകുമ്പോള്‍ രാത്രി ശരിയായി കാണുന്നതിന് ബുദ്ധിമുട്ടായിരിക്കും. രാത്രിയില്‍ വാഹനമോടിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്ക് ലൈറ്റുകള്‍ ഓഫായി കഴിഞ്ഞാല്‍ ബാത്ത്റൂമില്‍ പോകാന്‍ പോലും ബുദ്ധിമുട്ടായിരിക്കും. വൈകുന്നേരങ്ങളില്‍ ഇരുട്ടാകുന്നതിനു മുമ്പുതന്നെ ലൈറ്റുകള്‍ ഓണാക്കുന്നത് കാഴ്ചക്കുറവുമൂലമാകാം. കാഴ്ച നഷ്ടപ്പെടുന്നത് വളരെ വേഗത്തിലാണ്. അതിനാല്‍ കാലക്രമേണ ഈ അടയാളങ്ങള്‍ വഷളാകും.

  1. വരണ്ട കണ്ണുകള്‍

വിറ്റാമിന്‍ എയുടെ അഭാവം മൂലം കണ്ണുകള്‍ എപ്പോഴും വരണ്ടും അസ്വസ്ഥമായുമിരിക്കും. വിറ്റാമിന്റെ കുറവുമൂലം കണ്ണുകള്‍ക്ക് നനവ് നല്‍കുന്ന കണ്‍പോളയുടെ പിന്നിലുള്ള ഗ്ലാന്റ് ശരിയായി പ്രവര്‍ത്തിക്കില്ല. അതിനാല്‍ കണ്ണുനീരോ നനവോ ഇല്ലാതെ കണ്ണുകള്‍ വരണ്ടിരിക്കും.

  1. വരണ്ട ചര്‍മ്മം, തിണര്‍പ്പ്, വിണ്ടുകീറിയ നഖം

ആരോഗ്യകരമായ ചര്‍മ്മത്തിന്റെ രൂപീകരണത്തിലും പരിപാലനത്തിലും വിറ്റാമിന്‍ എ പ്രധാന പങ്കു വഹിക്കുന്നു. ചിലപ്പോള്‍ വിറ്റാമിന്‍ എയുടെ അഭാവത്തിന്റെ ആദ്യഘട്ടത്തില്‍ വരണ്ടതും പുറംതൊലി പോയതുമായ ചര്‍മ്മം അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ എന്നിവയുണ്ടാകും. വരള്‍ച്ച മൂലം തലമുടി ഇടയ്ക്കിടെ പൊട്ടുകയും കൊഴിഞ്ഞു പോവുകയും ചെയ്യും. മാത്രമല്ല, മുഖക്കുരു, വായില്‍ വ്രണം, പൊട്ടിയ ചുണ്ടുകള്‍ എന്നിവയെല്ലാം വിറ്റാമിന്‍ എയുടെ കുറവു മൂലമായിരിക്കാം. നിങ്ങളുടെ നഖങ്ങളും എളുപ്പത്തില്‍ ഒടിഞ്ഞുപോകും.

  1. കണ്ണിനുള്ളില്‍ വെള്ള നിറത്തിലോ വെള്ളിനിറത്തിലോ ഉള്ള പാടുകള്‍

വിറ്റാമിന്‍ എ അപര്യാപ്തതയുടെ മറ്റൊരു അടയാളം നിങ്ങളുടെ കണ്ണിലെ വെള്ളയില്‍ കാണുന്ന പാടുകളാണ്. ബിറ്റോട്ട് പാടുകള്‍ എന്നാണിതറിയപ്പെടുന്നത്. ബിറ്റോട്ടിന്റെ പാടുകള്‍ ത്രികോണാകൃതിയിലോ ക്രമരഹിതമായ ആകൃതിയിലോ ആകാം. അവ ചെറുതായി ഉയര്‍ന്ന് ഒരു ചര്‍മ്മം പോലെ കാണപ്പെടും. കോര്‍ണിയ വരണ്ടുപോകുന്നതിനാല്‍ കെരാറ്റിന്‍ നിര്‍മ്മിക്കുന്നതിന്റെ ഫലമായാണിതുണ്ടാകുന്നത്.

  1. കോര്‍ണിയ അള്‍സറും അന്ധതയും

വിറ്റാമിന്‍ എയുടെ കുറവ് കണ്ണില്‍ വ്രണങ്ങളോ അള്‍സറോ ഉണ്ടാകാന്‍ ഇടയാക്കും. കണ്ണിലെ അള്‍സര്‍ കൃഷ്മണിയുടെ മുകളില്‍ ഒരു തടിപ്പ് പോലെയാണ് വരിക. കണ്ണുകളില്‍ ഇത്തരത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്നത് അന്ധതയ്ക്ക് കാരണമാകും. വാസ്തവത്തില്‍ കുട്ടികളിലുണ്ടാകുന്ന അന്ധത തടയാന്‍ വിറ്റാമിന്‍ എ നല്‍കണം.

  1. അടുപ്പിച്ച് അണുബാധയുണ്ടാകുന്നു

രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ എ അതിന്റെ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ‘ആന്റിഇന്‍ഫെക്റ്റീവ് വിറ്റാമിന്‍’ എന്നാണ് വിറ്റമിന്‍ എയ്ക്കു പറയുന്നത്. വിറ്റാമിന്‍ എ നിങ്ങളുടെ ചര്‍മ്മം, മൂത്രനാളി, ദഹനനാളം, വായുമാര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കോശങ്ങളുടെ രൂപവല്‍ക്കരണത്തിലും ക്ഷേമത്തിലും പങ്കുവഹിക്കുന്നു. ഗുരുതരമായ വിറ്റാമിന്‍ അപര്യാപ്തത പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുകയും മൂത്രസഞ്ചി അണുബാധകള്‍, ശ്വാസകോശ അണുബാധകള്‍, ദഹനനാളത്തിന്റെ അണുബാധ, യോനി അണുബാധ, വയറ്റിലെ അണുബാധ, വയറിളക്കം പോലുള്ള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

  1. കുട്ടികളില്‍ വളര്‍ച്ചാ മാന്ദ്യം

കഠിനമായി വിറ്റാമിന്‍ എ കുറവുള്ള കുട്ടികളില്‍ വളര്‍ച്ചയും വികാസവും മന്ദഗതിയിലാകുന്നു.