സൗദിയിലെ റോഡുകളിലെ ട്രാക്ക് ലംഘനം; നിരീക്ഷണം തുടങ്ങി

റിയാദ്: സൗദിയിലെ റോഡുകളിലെ ട്രാക്ക് ലംഘനം പിടിക്കുന്നതിനു വേണ്ടി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ട്രാക്കുകള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നൂറ് റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ.
ജനുവരി ഒന്നു മുതല്‍ സൗദിയിലെ എല്ലായിടത്തും റോഡുകളിലെ ട്രാക്ക് ലംഘനങ്ങള്‍ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനത്തിലൂടെ നടപ്പാക്കും. റോഡുകളില്‍ വിവിധ വേഗതകള്‍ക്കും വിവിധതരം വാഹനങ്ങള്‍ക്കുമായി നിശ്ചയിച്ചിട്ടുള്ള ട്രാക്കുകള്‍ ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്ന ഓട്ടോമാറ്റിക്ക് സംവിധാനം 2021 ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചിട്ടുണ്ട്.


സൗദി സാങ്കേതിക സുരക്ഷാകമ്പനി വികസിപ്പിച്ച ‘തഹകും’ എന്ന സംവിധാനമാണ് ഇതിനായി റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഗതാഗത സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഡയറക്ടറേറ്റ് നവംബര്‍ 11 ബുധനാഴ്ച മുതല്‍ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ ഈ നിയന്ത്രണം നടപ്പാക്കാന്‍ തുടങ്ങി.
റോഡുകളിലെ ഈ നിശ്ചിത ട്രാക്കുകള്‍ ലംഘിച്ച് വാഹനമോടിക്കുന്നത് നിയമലംഘനമാണ്. ഇത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 300 റിയാലിനും 500 റിയാലിനുമിടയിലായിരിക്കും പിഴ. ഒരു ട്രാക്കില്‍ നിന്ന് മറ്റൊന്നിലേക്ക് മാറണമെങ്കില്‍ എന്തുചെയ്യണമെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു. അപകടമുണ്ടാകില്ലെന്ന് ഡ്രൈവര്‍ ആദ്യം ഉറപ്പാക്കണം. മറ്റ് ട്രാക്കുകളില്‍ വാഹനങ്ങളൊന്നുമില്ലെന്നും ഉറപ്പുവരുത്തണം. മാറുന്നതിന് മുമ്പ് മതിയായ സമയത്തേക്ക് സിഗ്നലുകള്‍ നല്‍കണം.

വാഹനമോടിക്കുന്നവരുടെ ചില തെറ്റായ പെരുമാറ്റമാണ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും പ്രധാന കാരണമെന്ന് പ്രമുഖ സൗദി അറേബ്യന്‍ മാധ്യമമായ സൗദി ഗസറ്റിനോട് അല്‍ ബസ്സാമി പറഞ്ഞു. ”ഈ തെറ്റായ പെരുമാറ്റങ്ങളെല്ലാം നൂതന ഇലക്ട്രോണിക് ഓട്ടോമാറ്റിക് സിസ്റ്റം നിരീക്ഷിക്കും, അത് ലംഘിക്കുന്ന വാഹനത്തെ കൃത്യമായ രീതിയില്‍ തിരിച്ചറിയാന്‍ കഴിയുമെന്നും, ട്രാഫിക് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്താനും തെറ്റായ എല്ലാ പെരുമാറ്റങ്ങള്‍ക്കും അറുതി വരുത്താനും ട്രാഫിക് ഡയറക്ടറേറ്റ് ശ്രമിക്കുകയാണ് ‘ എന്നും അല്‍ ബസ്സാമി പറഞ്ഞു.