ഫൊക്കാനയില്‍ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തി; പുതിയ കമ്മിറ്റി 21ന്

ന്യൂയോര്‍ക്ക്: ഫൊക്കാനയില്‍ അടുത്തയിടെ രൂപമെടുത്ത തര്‍ക്കങ്ങളും പിളര്‍പ്പും അവസാനിക്കുന്നു. ഇന്നലെ നടന്ന അവസാന റൗണ്ട് ചര്‍ച്ചയില്‍, നവംബര്‍ 21 ശനിയാഴ്ച നിലവിലുള്ള ബി. മാധവന്‍ നായര്‍ നേതൃത്വം നല്‍കുന്ന കമ്മറ്റിയുടെ സ്ഥാനമൊഴിയല്‍ ചടങ്ങും, ജോര്‍ജ്ജി വര്‍ഗീസ് നേതൃത്വം നല്‍കുന്ന പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, പ്രവര്‍ത്തനോല്‍ഘാടനവും നടക്കും. നവംബര്‍ 9 തിങ്കളാഴ്ച നടന്ന ചര്‍ച്ചയിലെ ധാരണകള്‍ അനുസ്സരിച്ച് നിലവിലുള്ള നാഷണല്‍ കമ്മറ്റിയുടെയം, കണ്‍വന്‍ഷന്‍ കമ്മറ്റിയുടെയും സംയുക്ത മീറ്റിംഗ് നവംബര്‍ 12, വ്യാഴാഴ്ച നടക്കും. 

നവംബര്‍ 13, വെള്ളിയാഴ്ചകൊണ്ട് കഴിഞ്ഞ ജൂലായ് മാസത്തില്‍ നടക്കേണ്ടിയിരുന്ന കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്തവരില്‍ ഫോക്കാന ദേശീയ ഭാരവാഹികള്‍ ഒഴിച്ചുള്ളവരുടെ രജിസ്‌ട്രേഷന്‍ തുക മടക്കി നല്‍കാനും, ഫോക്കാന ഭാരവാഹികളുടെ രജിസ്‌ട്രേഷന്‍ തുക ജനുവരിയില്‍ ബാലിസ് കണ്‍വന്‍ഷന്‍ സെന്റര്‍ സെക്യുരിറ്റി ഡിപ്പോസിറ്റ് തുക മടക്കി നല്കുന്നതിനനുസ്സരിച്ചു നല്‍കുന്നതിനും ധാരണയായി. നവംബര്‍ 15 ഞായറാഴ്ച രണ്ടു വിഭാഗങ്ങളും ചേര്‍ന്ന് സംയുക്ത പത്രസമ്മേളനം നടത്തി യോജിപ്പിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കുന്നതാണ്.

നവംബര്‍ 21 ശനിയാഴ്ച നടക്കുന്ന പൊതു പൊതുസമ്മേളനത്തില്‍ കേരള സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഫാ. ഡേവിസ് ചിറമേല്‍, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവരെ പങ്കെടുപ്പിക്കാനും, കേരളത്തിലും, അമേരിക്കയിലുമുള്ള കലാ പ്രതിഭകള്‍ പങ്കെടുക്കുന്ന കലാപരിപാടികളുടെ അകമ്പടിയോടെ ചടങ്ങുകള്‍ ഹൃദ്യമാക്കാനും തീരുമാനമായി.

ചര്‍ച്ചകളില്‍ ഫൊക്കാന പ്രസിഡണ്ട് ബി. മാധവന്‍ നായര്‍, നിയുക്ത പ്രസിഡണ്ട് ജോര്‍ജ്ജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ്, പോള്‍ കറുകപ്പള്ളി, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ഡോ. രഞ്ജിത്ത് പിള്ള, ഏബ്രഹാം കെ ഈപ്പന്‍, ഇരിക മാത്യു, ജോയ് ചാക്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.