പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചാല്‍ യു.എ.ഇയില്‍ വധശിക്ഷ

രാജ്യത്തെ നിയമങ്ങളില്‍ മാറ്റം വരുത്തി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്. പ്രവാസികളുടെ വില്‍പ്പത്രവും പിന്തുടര്‍ച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് യു.എ.ഇ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയത്.

പുതിയ ഭേദഗതി പ്രകാരം വിദേശികളായ താമസക്കാര്‍ക്ക് പിന്‍തുടര്‍ച്ചാവകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പിന്തുടരാവുന്നതാണ്. അതത് രാജ്യത്തെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച്‌ സ്വത്ത് കൈമാറ്റവും നടത്താം. മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച്‌ അനന്തരാവകാശം കൈകാര്യം ചെയ്യുമെന്ന് പുതിയ മാറ്റങ്ങള്‍ പറയുന്നു.

അതേസമയം, വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏത് രാജ്യത്താണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമമാണ് ബാധകമാവുക. പുതിയ ഭേദഗതി അനുസരിച്ച്‌, ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയമാക്കും. മുന്‍പായിരുന്നുവെങ്കില്‍ ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമായിരുന്നു. ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായി കണക്കാക്കി ശിക്ഷ കടുത്ത ശിക്ഷ നല്‍കും.

ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇനി മുതല്‍ ശിക്ഷാര്‍ഹമായിരിക്കില്ല. മാനസിക വെല്ലുവിളി നേരിടുന്നയാളെ ചൂഷണം ചെയ്താലും, പ്രതി ഇരയുടെ അടുത്ത ബന്ധുവാണെങ്കിലും ഉഭയസമ്മതപ്രകാരമാണെന്ന് കണക്കാക്കില്ല. സ്ത്രീക്കും പുരുഷനും നിയമം ബാധകമാണ്. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം,മാനസിക വെല്ലുവിളി നേരിടുന്നവരെ ലൈംഗികമായി ചൂഷണം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം.

ഭേദഗതി വരുത്തിയ നിയമങ്ങള്‍ അനുസരിച്ച്‌ 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് മദ്യപാനം അനുവദിനീയമാണ്. എന്നാല്‍ 21 വയസില്‍ താഴെയുള്ളവര്‍ മദ്യം വില്‍ക്കുകയോ മദ്യപാനമോ ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷയുണ്ടാകും.

21 വയസ്സില്‍ താഴെയുള്ളവര്‍ക്കുവേണ്ടി മദ്യം വാങ്ങുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായി കണക്കാക്കി ശിക്ഷ കടുത്ത ശിക്ഷ നല്‍കും. പൊതുസ്ഥലങ്ങളില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കുന്നതിന് പകരം ഇനി മുതല്‍ പിഴ ചുമത്തും. പൊതു സ്ഥലങ്ങളില്‍ വച്ചുള്ള വഴക്ക്, അടികൂടല്‍, ചുംബനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് പിഴ ചുമത്തും.