സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റം, റീ-എന്‍ട്രി, ഫൈനല്‍ എക്സിറ്റ് എന്നിവയില്‍ പുതിയ സേവനങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റം, റീ-എന്‍ട്രി, ഫൈനല്‍ എക്സിറ്റ് എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ സേവനങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരും. തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു ജോലിയിലേക്ക് മാറാന്‍ തൊഴില്‍ മാറ്റ സേവനം വഴി സാധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ഇങ്ങിനെ ജോലി മാറുന്നതിന് നോട്ടീസ് കാലാവധിയും മറ്റു വ്യവസ്ഥകളും പാലിക്കല്‍ നിര്‍ബന്ധമാണ്.

സ്വതന്ത്രമായി വിദേശ യാത്ര നടത്താന്‍ പുതിയ റീ-എന്‍ട്രി സേവനം സ്വകാര്യ മേഖലാ ജീവനക്കാരെ അനുവദിക്കുന്നു. ഇങ്ങിനെ രാജ്യം വിടുന്നതിനു വേണ്ടി വിദേശ തൊഴിലാളികള്‍ റീ-എന്‍ട്രിക്ക് അപേക്ഷിക്കുമ്പോള്‍ ഇലക്ട്രോണിക് രീതിയില്‍ തൊഴിലുടമക്ക് അറിയിപ്പ് ലഭിക്കും. തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായാലുടന്‍ തൊഴിലുടമയുടെ അനുമതി കൂടാതെ രാജ്യം വിടാന്‍ ഫൈനല്‍ എക്സിറ്റ് സേവനം തൊഴിലാളികളെ അനുവദിക്കുന്നു. ഇങ്ങിനെ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിനെ കുറിച്ച് തൊഴിലുടമയെ ഇലക്ട്രോണിക് രീതിയില്‍ അറിയിക്കും. തൊഴില്‍ കരാര്‍ റദ്ദാക്കി ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടാനും വിദേശ തൊഴിലാളികള്‍ക്ക് അവസരമുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ കരാര്‍ റദ്ദാക്കുന്നതു മൂലമുള്ള മുഴുവന്‍ അനന്തര ഫലങ്ങളും തൊഴിലാളി വഹിക്കേണ്ടിവരും. ഈ സേവനങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിലും മാനവശേഷി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ ഖിവയിലും ലഭ്യമാകും.