ഭരണാധികാരിയായാല്‍ ഇങ്ങനെ വേണം; വാക്‌സിന്‍ സ്വന്തം ശരീരത്തില്‍ പരീക്ഷിച്ച് ദുബായ് ഷെയ്ഖ്‌

യുഎഇ പതാക ദിനത്തിൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കോവി‍ഡ്19 വാക്സ‌ീൻ സ്വീകരിച്ചു. ‘ദൈവം എല്ലാവരെയും സംരക്ഷിക്കുകയും അസുഖങ്ങൾ ഭേദമാക്കുകയും ചെയ്യട്ടെ’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം വാക്സീൻ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.

കൊറോണ വൈറസിനെതിരെ പോരാടുന്നതിന്റെ ഭാഗമയി വാക്സീൻ സ്വീകരിച്ച എല്ലാവരുടെയും പ്രയത്നങ്ങളും മനസിലാക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഭാവി ശോഭനമാണ്, യുഎഇയുടേത് ഏറ്റവും മനോഹരവും.

യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ നേരത്തെ കോവിഡ് 19 വാക്സീൻ സ്വീകരിച്ചിരുന്നു. കൂടാതെ, വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ്, ദേശീയ അടിയന്തര നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഷംസി, സാംസ്കാരിക–യുവ കാര്യ മന്ത്രി നൗറ അൽ കഅബി, എക്സിക്യുട്ടീവ് അംഗവും അബുദാബി എക്സിക്യുട്ടീവ് ഒാഫീസ് ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് ഇതിനകം വാക്സീൻ സ്വീകരിച്ച മറ്റു പ്രമുഖർ.