സൗദിയില്‍ കഫാലയ്ക്കു പകരം പുതിയ സംവിധാനം

റിയാദ്: സൗദിയില്‍ കഫാലയ്ക്കു പകരം വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്ന പുതിയ സംവിധാനം വരുന്നു. കുടിയേറ്റ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ സംവിധാനം അടുത്തയാഴ്ച പുറത്തിറക്കാനാണ് പദ്ധതി.

2021 ന്റെ ആദ്യ പകുതി മുതല്‍ പുതിയ സംവിധാനം നടപ്പാക്കും. രാജ്യത്തെ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും വിധമാണ് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇത് തയ്യാറാക്കിയിരിക്കുന്നത്.

തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി മന്ത്രാലയം നിരവധി സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് നാസര്‍ അല്‍ ഹസാനി പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സൗദി തൊഴില്‍ വിപണിയിലെ മത്സരശേഷി, ആകര്‍ഷണം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങളുടെ രൂപരേഖ തയ്യാറാക്കാന്‍ മന്ത്രാലയം അടുത്തയാഴ്ച പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. സൗദിയിലെ മൊത്തം ജനസംഖ്യയായ 3.48 കോടിയില്‍ 1.05 കോടിയും വിദേശികളാണ്.