വാട്ട്‌സാപ്പില്‍ അശ്ലീല സന്ദേശം; അബുദാബിയില്‍ യുവാവിന് 2,70,000 ദിര്‍ഹം പിഴ

അബുദാബി: ബന്ധുവായ യുവതിക്ക് അപകീര്‍ത്തികരമായ വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ച യുവാവിന് അബുദാബി കോടതി 2,70,000 ദിര്‍ഹം (54 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. ഇതില്‍ 20,000 ദിര്‍ഹം സ്ത്രീക്ക് നല്‍കേണ്ട നഷ്ടപരിഹാരവും 2,50,000 ദിര്‍ഹം പിഴയുമാണ്.

യുവാവ് തനിക്കയച്ച സന്ദേശങ്ങള്‍ സഹിതം ഹാജരാക്കി യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറി. ഐടി നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. കേസ് പരിഗണിച്ച കോടതി, ആദ്യം യുവാവിന് 2,50,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഇതോടെ താന്‍ നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിന് നഷ്ടപരിഹാരം തേടി യുവതി സിവില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ പ്രാഥമിക കോടതി 20,000 ദിര്‍ഹം യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. കൂടുതല്‍ നഷ്ടപരിഹാരം തേടി യുവതി മേല്‍ക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ടര ലക്ഷം ദിര്‍ഹം പിഴയ്ക്ക് പുറമെ 20,000 ദിര്‍ഹം നഷ്ടപരിഹാരം കൂടി ചേര്‍ത്ത്, പ്രതി 2,70,000 ദിര്‍ഹം പിഴയടക്കണം.

വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി മോശം പദപ്രയോഗം നടത്തുന്നത് യുഎഇയില്‍ വന്‍തുക പിഴ ലഭിക്കാവുന്ന സൈബര്‍ കുറ്റമാണ്. ജയില്‍ ശിക്ഷയോ 2,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയോ ഇവരണ്ടും കൂടിയോ കുറ്റക്കാര്‍ക്ക് ലഭിക്കാം.