കോവിഡ് പ്രതിരോധത്തില്‍ വീഴ്ച; റിയാദില്‍ പരിശോധനയും പിഴ ചുമത്തലും തുടരുന്നു

റിയാദ്: കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരേ പിഴ. ഒരാഴ്ചയായി റിയാദിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിലാണ് നിരവധി പേര്‍ക്ക് പിഴ ചുമത്തിയത്. പൊതുസ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും ഓഫിസുകളിലും മാസ്‌ക് ധരിക്കാതിരുന്നവര്‍ക്കും കൂട്ടം കൂടി നിന്നവര്‍ക്കും പിഴ ചുമത്തി.
പൊതുസ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പോലീസ് മിന്നല്‍ പരിശോധന നടത്തുന്നതിന്റെയും നിയമ ലംഘനങ്ങള്‍ക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പിഴ ചുമത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
മാസ്‌കുകള്‍ ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ കരുതിക്കൂട്ടി ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മാസ്‌കുകള്‍ ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ വിസമ്മതിക്കല്‍, ശരീര ഊഷ്മാവ് 38 ഡിഗ്രിയില്‍ കൂടുതലായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ പാലിക്കാതിരിക്കല്‍ അടക്കമുള്ള നിയമ ലംഘനങ്ങള്‍ക്ക് ആയിരം റിയാല്‍ തോതില്‍ പിഴ ലഭിക്കുമെന്നും നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.