നന്മയുടെ വഴിയില്‍ തടസ്സങ്ങളില്ലാതെ റിയാദ് ഹെല്‍പ്പ് ഡെസ്‌ക്


റിയാദ്: റിയാദില്‍ ഒറ്റപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും താങ്ങും തണലുമായി റിയാദ് ഹെല്‍പ്പ് ഡെസ്‌ക്.
കോവിഡിനിടയില്‍ ഒറ്റപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധ സംഘടനയില്‍പ്പെട്ടവര്‍ ചേര്‍ന്ന് ഹെല്‍പ്പ് ഡെസ്‌ക് എന്ന സംഘടന രൂപീകരിച്ചത്.
കോവിഡ് കാലത്ത് ഒട്ടേറെ പേരെ ആശുപത്രിയില്‍ എത്തിക്കാനും പട്ടിണിയിലായവര്‍ക്ക് സഹായമെത്തിക്കാനും കഴിഞ്ഞു. നിരവധി പേരാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകരുടെ കാരുണ്യത്താല്‍ നാടണഞ്ഞത്. മലയാളികള്‍ മാത്രമല്ല, മറുനാട്ടുകാരുമെല്ലാം റിയാദ് ഹെല്‍പ്പ് ഡെസ്‌കിന്റെ സഹായഹസ്തം ഏറ്റുവാങ്ങിയവരാണ്.
ഹെല്‍പ്പ് ഡെസ്‌കില്‍ നേതാക്കന്മാര്‍ ആരുമില്ല. എല്ലാവരും പ്രവര്‍ത്തകരാണ്. ഭക്ഷണ കിറ്റുമായി ചുമന്നു കൊണ്ടു പോയി കൊടുക്കുന്നതും രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ പോകുന്നതും എല്ലാം ഇവര്‍ തന്നെ.
ഇപ്പോഴിതാ കട കത്തിപ്പോയി എല്ലാം നഷ്ടപ്പെട്ടയാള്‍ക്ക് ഉടനെ തന്നെ 20200 റിയാല്‍ പിരിച്ച് എത്തിച്ചിരിക്കുകയാണ്.
തുക കഴിഞ്ഞ ദിവസം അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് ശ്രീമാന്‍ ശിഹാബ് കൊട്ടുകാടിന് ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തകരായ കബീര്‍ പട്ടാമ്പി, ശങ്കര്‍ കേശവന്‍ (K7 സ്റ്റുഡിയോ) എന്നിവര്‍ ചേര്‍ന്ന് കൈമാറി.