ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ച സ്ത്രീക്ക് അമേരിക്കയില്‍ വധശിക്ഷ

വാഷിങ്ടണ്‍: ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ച സ്ത്രീക്ക് അമേരിക്കയില്‍ വധശിക്ഷ. 2004 ഡിസംബറില്‍ 23കാരിയായ ബോബി ജോ സ്റ്റിന്നെറ്റിനെ കൊലപ്പെടുത്തിയ ലിസ മോണ്ട്ഗോമറിക്കാണ് വധശിക്ഷ. ആറ് പതിറ്റാണ്ടിനുശേഷമാണ് അമേരിക്കയില്‍ ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്.

കാന്‍സസിലെ വീട്ടില്‍നിന്ന് പട്ടിക്കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന മിസൂറിയിലെ ബോബിയുടെ വീട്ടിലെത്തി കൊല ചെയ്യുകയായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ബോബിയുടെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസംമുട്ടിച്ച് അബോധാവസ്ഥയിലാക്കി. അടുക്കളയില്‍നിന്ന് കത്തിയെടുത്ത് വയര്‍ പിളര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്ത് കടന്നുകളഞ്ഞു.

കുഞ്ഞിനെ സ്വന്തം മകളായി വളര്‍ത്താനായിരുന്നു ശ്രമം. ഇവര്‍ പിടിയിലായതിനെ തുടര്‍ന്ന് കുഞ്ഞിനെ പിതാവിന് കൈമാറി. ശിക്ഷ ഡിസംബര്‍ എട്ടിന് നടപ്പാക്കും. 20 വര്‍ഷത്തിനുശേഷം ജൂലൈയില്‍ ദേശീയതലത്തില്‍ വധശിക്ഷ പുനരാരംഭിച്ച ശേഷമുള്ള ഒമ്പതാമത്തെ വധശിക്ഷയാണ് ഇത്.