കട്ടന്‍ ചായ കുടിച്ചാലും ഗുണങ്ങളുണ്ട്‌

ഗ്രീന്‍ ടീയുടെ ആരോഗ്യദായക ഫലങ്ങള്‍ മാത്രമാണ് സാധാരണ ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. എന്നാല്‍ കട്ടന്‍ചായയ്ക്കും നിരവധി ഗുണങ്ങളുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊഴുപ്പ് എന്നിവ കുറക്കാനും ഹൃദയരോഗങ്ങള്‍ക്കെതിരെയും പക്ഷാഘാത സാധ്യതയും പാര്‍ക്കിന്‍സണ്‍സ് സാധ്യതയും ഇല്ലാതാക്കാനുമൊക്കെ കട്ടന്‍ചായയുടെ ഔഷധ ഗുണത്തിന് കഴിവുണ്ട്.

 1. കൊളസ്‌ട്രോളിനെതിരെ പ്രവര്‍ത്തിക്കുന്നു
  കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാതെ പ്രയാസപ്പെടുകയാണെങ്കില്‍ ദിവസവും ഓരോ കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ അധികമുള്ള ആളുകളില്‍ നടത്തിയ പരീക്ഷണത്തില്‍ കട്ടന്‍ ചായ ഉപയോഗം അവരുടെ കൊളസ്‌ട്രോള്‍ നിരക്ക് വലിയ തോതില്‍ കുറച്ചതായി കണ്ടെത്തി. മൂന്നാഴ്ചത്തേയ്ക്ക് ദിവസവും അഞ്ച് കപ്പ് കട്ടന്‍ ചായയാണ് നല്‍കിയത്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ 11 ശതമാനവും ടോട്ടല്‍ കൊളസ്‌ട്രോള്‍ 6.5 ശതമാനവും കുറഞ്ഞു. കൊഴുപ്പ് കൂടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അഥിറോസ്‌ക്ലിറോസിസ്, ഹൃദ്രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ കട്ടന്‍ ചായ സംരക്ഷണം നല്‍കുന്നു.
 2. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്തുന്നു
  ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്താതി സമ്മര്‍ദ്ദവും നിരവധി ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു. ക്രമമായ ജീവിതരീതിയും ശരിയായ ഭക്ഷണശീലവും നിരന്തര വ്യായാമവുമുണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്. നിങ്ങള്‍ രക്താതിസമ്മര്‍ദ്ദ സാധ്യതയുള്ളവരാണെങ്കില്‍ ഇക്കൂട്ടത്തിലേക്ക് ഒരു കപ്പ് കട്ടന്‍ ചായ കൂടി ചേര്‍ത്താല്‍ മതിയാകും. ആറു മാസത്തേക്ക് ദിവസവും മൂന്നു കപ്പ് കട്ടന്‍ ചായ ഉപയോഗിച്ച ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികളില്‍ അവരുടെ ബിപി തോത് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.
 3. പല്ലുകളുടെ ആരോഗ്യത്തിന്
  പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും കട്ടന്‍ ചായ നല്ലതാണ്. പഠനങ്ങള്‍ പറയുന്നത് പല്ലുകളിലെ ദ്വാരത്തിന് കാരണമാകുന്ന ബാക്ടീരിയകളായ സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടന്‍സ്, സ്‌ട്രെപ്‌റ്റോകോക്കസ് സോബ്രിനസ് എന്നിവയ്‌ക്കെതിരെ ചായയിലെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്. പല്ലുകളില്‍ ദ്വാരമുണ്ടാകാനിടയാക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെയും ഇവ ഇല്ലാതാക്കുന്നു. പല്ലിന്റെ ഇനാമലിനെ ശക്തിയായി നിര്‍ത്തുന്ന ഫ്‌ളൂറൈഡും കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്നു.
 4. ഭാരം കുറക്കുന്നതിന്
  ശരീരഭാരം കുറക്കുന്നതിനും കട്ടന്‍ ചായ പ്രയോജനപ്രദമാണ്. കട്ടന്‍ ചായ കുടിച്ചതുകൊണ്ടു മാത്രം ഭാരം കുറയില്ല. ഭക്ഷണത്തിലും വ്യായാമത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കുക തന്നെയാണ് വേണ്ടത്. അതോടൊപ്പം കട്ടന്‍ ചായ കൂടി കുടിക്കുന്നത് അധികഗുണം തരുമെന്നു മാത്രം.
 5. അണുബാധയ്‌ക്കെതിരെ പ്രവര്‍ത്തിച്ച് പ്രതിരോധശക്തി കൂട്ടുന്നു
  അണുബാധകളെ തടയാനും ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ചായയിലെ ചില ഘടകങ്ങള്‍ക്ക് കഴിവുണ്ട്. രോഗങ്ങള്‍ക്ക് കാരണമാകുന്ന ചില മൈക്രോ ഓര്‍ഗാനിസങ്ങള്‍ക്കെതിരെ പോരാടാന്‍ കട്ടന്‍ ചായയ്ക്ക് കഴിയുന്നു.
 6. പ്രമേഹ സാധ്യത കുറക്കുന്നു
  അനിയന്ത്രിതമായ പ്രമേഹം, ഹൃദയരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ കട്ടന്‍ ചായയിലുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എപ്പികറ്റേച്ചിന്‍ ഗ്യാലറ്റ്, ടീഫ്‌ളേവിന്‍സ്, എപ്പിഗലോകറ്റേച്ചിന്‍ ഗ്യാലറ്റ് എന്നിവയാണവ. ദീര്‍ഘകാലമായി ഒന്നോ രണ്ടോ കട്ടന്‍ചായ ദിവസവും കുടിക്കുന്നവര്‍ക്ക് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത 70 ശതമാനം കുറവാണ്. ചായയില്‍ പാല്‍ ചേര്‍ക്കുന്നത് ഇതില്‍ വ്യത്യാസം വരുത്തുന്നു.
 7. ഹൃദയാരോഗ്യത്തിന്
  കട്ടന്‍ ചായ കൊറോണറി ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുന്നു. ചായയിലടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകളാണ് ഇതിനു സഹായിക്കുന്നത്. സ്ഥിരമായി കട്ടന്‍ ചായ ഉപയോഗിക്കുന്ന ഹൃദയാഘാതം അതിജീവിച്ചവരില്‍ മരണനിരക്ക് കുറവാണെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു.
 8. പക്ഷാഘാത സാധ്യത കുറക്കുന്നു
  തലച്ചോറിലെ ഒരു ഭാഗത്തേക്കുള്ള രക്തവിതരണം തടസ്സപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണ് പക്ഷാഘാതം. ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിരക്ക്, പ്രമേഹം, പുകവലി, അമിതമായ മദ്യപാനം, മാനസിക സമ്മര്‍ദ്ദം എന്നിവ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ദിവസവും മൂന്നോ അതിലധികമോ കപ്പ് കട്ടന്‍ ചായ ഉപയോഗിക്കുന്നവരില്‍ പക്ഷാഘാത സാധ്യത 21 ശതമാനം കുറവായിരുന്നുവെന്ന് ഒന്‍പത് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
 9. ശ്രദ്ധ വര്‍ധിപ്പിക്കുന്നു
  ജോലിയിലും പഠനത്തിലും നല്ല രീതിയില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത പ്രശ്‌നമുണ്ടോ ? ദിവസവും കട്ടന്‍ ചായ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തിനും പരിഹാരമാണ്.
 10. ചര്‍മ സംരക്ഷണത്തിനും ദിവസവുമുള്ള കട്ടന്‍ചായ ഉപയോഗം നല്ലതാണ്. കൂടാതെ അര്‍ബുദ സാധ്യതയും പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യതയും കുറക്കുന്നതിനും ദിവസവും കട്ടന്‍ ചായ കുടിക്കുന്നത് പ്രയോജനകരമാണ്.