ഇസ്രയേല്‍ വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റം തീവ്രമാക്കുന്നു

തെല്‍അവീവ്: വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റം തീവ്രമാക്കി ഇസ്രയേല്‍. ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും അംഗീകരിക്കുന്ന പലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിനുള്ള സാധ്യത കൂടുതല്‍ ഇല്ലാതാക്കുന്നതാണ് ഇസ്രയേല്‍ നീക്കം. പലസ്തീന്‍ പ്രദേശമായ വെസ്റ്റ്ബാങ്കില്‍ 2166 കുടിയേറ്റവീടുകള്‍ നിര്‍മിക്കാന്‍ ബുധനാഴ്ചയും 3000ല്‍പ്പരം വീടുകള്‍കൂടി നിര്‍മിക്കാന്‍ വ്യാഴാഴ്ചയും ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് ഫലത്തില്‍ പലസ്തീന്റെ ഭൂമി കൈയേറ്റം തന്നെയാണെന്ന് ഇസ്രയേലിലെ സമാധാന സംഘടനയായ ‘പീസ് നൗ’ കുറ്റപ്പെടുത്തി. വെസ്റ്റ് ബാങ്കില്‍ ഭൂമി കൈയേറ്റം നിര്‍ത്തിവെക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചു എന്നവകാശപ്പെട്ടാണ് യുഎഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ അടുത്തിടെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്.

ഈ വര്‍ഷം ഇതുവരെ വെസ്റ്റ്ബാങ്കില്‍ അംഗീകാരം ലഭിച്ച അനധികൃത ജൂത കുടിയേറ്റ വീടുകളുടെ എണ്ണം 12150 ആണെന്ന് പീസ് നൗ അറിയിച്ചു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇസ്രയേല്‍ പലസ്തീനില്‍ ഭൂമി കൈയേറ്റം തീവ്രമാക്കിയത്. ഇതിന് എല്ലാ സഹായവും ചെയ്യുന്ന ട്രംപിന്റെ ആവശ്യത്തിന് വഴങ്ങിയാണ് അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി അടുക്കുന്നത്. ഇസ്രയേലിന്റെ നിയമവിരുദ്ധമായ കുടിയേറ്റ വ്യാപനത്തെ അപലപിച്ച ജോര്‍ദാന്‍ ഇത് തടയാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. 1994ല്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച രാജ്യമാണ് ജോര്‍ദാന്‍.