പ്രസവിച്ച ഉടനെ കുഞ്ഞിനെ കുളിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു; അമേരിക്കയില്‍ ഇന്ത്യന്‍ വംശജക്കെതിരെ വധശ്രമത്തിന് കേസ്‌

ന്യൂയോര്‍ക്ക്: പ്രസവിച്ച ഉടനെ കുഞ്ഞിനെ കുളിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞ ഇന്ത്യന്‍ വംശജക്കെതിരെ അമേരിക്കയില്‍ വധശ്രമത്തിന് കേസ്. ന്യൂയോര്‍ക്കിലെ ക്വീന്‍സ് നിവാസിയായ സബിത ദൂക്രം (23) ആണ് കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കുളിമുറിയിലെ കത്രികകൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ചശേഷം കുഞ്ഞിനെ എറിഞ്ഞുകളയുകയായിരുന്നു. ശേഷം ഒന്നും സംഭവിക്കാത്തതുപോലെ കുളിമുറി കഴുകി വൃത്തിയാക്കി. കുളിച്ച് വസ്ത്രം മാറി മുറിയില്‍പ്പോയി ഉറങ്ങുകയും ചെയ്തു. കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് പൊലീസിനെ വിവരമറിയിച്ചു.

ചോദ്യം ചെയ്യലില്‍ തനിക്ക് കുഞ്ഞുണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്ന് സബിത പറഞ്ഞു. കുളിച്ചുകൊണ്ടിരുന്ന തന്റെയുള്ളില്‍നിന്ന് പെട്ടെന്നൊരു കുഞ്ഞ് പുറത്തുവരികയും പരിഭ്രാന്തയായ താന്‍ അതിനെ കളയുകയും ചെയ്‌തെന്നാണ് സബിതയുടെ വിശദീകരണം. വീഴ്ചയില്‍ തലയോട്ടി പൊട്ടിയ കുഞ്ഞിന്റെ തലച്ചോറിന് ക്ഷതമേറ്റു.