പെണ്ണറേബ്യയുടെ മാന്‍വേഗം

വി. മുസഫര്‍ അഹമ്മദ്


വി. മുസഫര്‍ അഹമ്മദ്
മരുഭൂമിയില്‍ മരത്തണലില്‍ നമസ്‌കാര പടം വിരിച്ച് ആ ബാലിക അസര്‍ നമസ്‌കരിക്കുകയായിരുന്നു. അതേ മരണത്തണലില്‍ അവളുടെ ആട്ടിന്‍പറ്റവുമുണ്ട്. അസംഖ്യം നിഴലുകളും മരത്തണലില്‍ സമ്മേളിച്ചിട്ടുണ്ട്. മരുഭൂമി മുറിച്ചു കടന്ന് ഒരു ഗ്രാമത്തിലേക്കുള്ള വഴി അന്വേഷിക്കുന്നതിനിടെയാണ് പ്രാര്‍ഥനയില്‍ തിളങ്ങിക്കൊണ്ടിരുന്ന ആ ഇടയബാലികയെ കണ്ടത്. പ്രാര്‍ഥിക്കുമ്പോള്‍ മനുഷ്യന് ഇത്രയും തിളങ്ങാന്‍ കഴിയുമെന്ന് അവിടെ വെച്ചാണ് മനസ്സിലാക്കിയത്. മരുഭൂമിയില്‍ പിറന്ന് അതിജീവിച്ച പ്രവാചകന്‍മാരുടെ ദര്‍ശന തിളക്കത്തിന്റെ രഹസ്യവും ആ ഇടയബാലിക ഒരിട വെളിപ്പെടുത്തിത്തന്നു.


പ്രാര്‍ഥിക്കുന്നവരെല്ലാം എന്തു കൊണ്ട് ഇങ്ങിനെ തിളങ്ങുന്നില്ലെന്ന ദുഷ്‌കരമായ ചോദ്യം മുന്നില്‍ വന്ന് നിന്നു. അവളുടെ തിളക്കത്തിന്റെ രഹസ്യം ചോദിച്ചറിയണമെന്നുണ്ടായിരുന്നു. പക്ഷെ അറേബ്യയിലെ വിലക്കുകള്‍ അധീരനാക്കി. ചില നിമിഷങ്ങള്‍ മാത്രമേ ആ രംഗം നോക്കിനില്‍ക്കാന്‍ പറ്റിയുള്ളൂ. ഇടയബാലിക അത്തഹിയ്യാത്തില്‍ പ്രവേശിച്ചു. അപ്പോഴാണ് അവളുടെ ആടുകളും അലസമായ ഇരുത്തം പൊടുന്നനെ വെടിഞ്ഞ് അതിജാഗ്രതയില്‍ അത്തഹിയ്യാത്തിലേക്ക് പ്രവേശിച്ചത്.
മധ്യ അറേബ്യയിലെ (സൗദി അറേബ്യയിലെ) മരുഭൂമികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇത്തരത്തില്‍ തീര്‍ത്തും അവിചാരിതമായ കാഴ്ചകളുണ്ടായിട്ടുണ്ട്. മായികമായ കാഴ്ചപോലെ, ആയിരത്തൊന്ന് രാവുകളിലെ ഏടു പോലെ. മരുഭൂ പ്രകൃതിയില്‍ ഭാവനകൂടി ലയിക്കുമ്പോഴുണ്ടാകുന്ന ഒരാത്മീയാനുഭവം കൂടിയാകാമിത്.
അറേബ്യയിലെ ഉള്‍നാടുകളില്‍, മരുഭൂ ഗ്രാമങ്ങളില്‍ കണ്ട സ്ത്രീകള്‍ കഠിനാധ്വാനികളായിരുന്നു. ഇപ്പോഴും ഓര്‍ക്കുന്നു, ഒരു ചലച്ചിത്ര രംഗത്തിലെന്നപോലെ- കാറ്റില്‍ മണല്‍മലകള്‍ തിരമാലകളായി ഉയര്‍ന്ന് പൊങ്ങുന്നത് ശമിച്ചതിനു തൊട്ടു പിന്നാലെ മരുഭൂ പാതയിലൂടെ ഒരു വെള്ളം നിറച്ച ടാങ്കര്‍ കടന്നു വരുന്നു. കൃഷിക്കളത്തിലേക്കോ, ആടുമാടുകള്‍ക്കോ ഒട്ടകങ്ങള്‍ക്കോ, അതല്ലെങ്കില്‍ മനുഷ്യന് ഉപയോഗിക്കാനോ ഉള്ളതാകും ആ വെള്ളം. മരുഭൂ ഗ്രാമങ്ങളില്‍ ഇതൊരു പതിവ് കാഴ്ചയാണ്. ( ഈ വേനലില്‍ കാശു വാങ്ങി ടാങ്കറില്‍ വെള്ളം വിതരണം ചെയ്യുന്നത് കേരളത്തിലേയും നിത്യക്കാഴ്ചയായി മാറിയിട്ടുണ്ടല്ലോ). ടാങ്കര്‍ കടന്നു പോയപ്പോഴാണ് കണ്ടത് ഡ്രൈവര്‍ സീറ്റില്‍ ഒരു സ്ത്രീ. സഹായിയുടെ സീറ്റിലും സ്ത്രീ. സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് നിരോധമുണ്ടായിരുന്നു. എന്നാല്‍ ഉള്‍നാട്ടില്‍, മരുഭൂ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ വണ്ടി ഓടിക്കുന്നു. ചെറിയ കാറുകളല്ല, പെട്രോള്‍ ടാങ്കറിനോട് സമാനമായവ. ഇത്തരം ഗ്രാമങ്ങളില്‍ സ്ത്രീകള്‍ നടത്തുന്ന വര്‍ക്ക്‌ഷോപ്പുകളുമുണ്ട്. ജോലിക്കാരെ വെക്കാന്‍ കഴിയാത്ത കുടുംബങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ കുടുംബം പോറ്റാനായി കഠിനമായ ജോലികള്‍ ചെയ്യുന്നു. ഇവിടേയും വെള്ളം വീട്ടിലെത്തിക്കുന്ന ജോലി സ്ത്രീകളെ ഏല്‍പ്പിക്കുകയാണ് മിക്കപ്പോഴും പുരുഷന്‍മാര്‍. ( ഈ പുരുഷ സ്വഭാവം എല്ലായിടത്തുമുണ്ടെന്ന് തോന്നുന്നു). കിലോ മീറ്ററുകള്‍ താണ്ടി ടാങ്കറില്‍ വെള്ളം നിറച്ച് അവര്‍ തങ്ങളുടെ മരുഭൂ ഗ്രാമത്തിലെ വീടുകളില്‍ എത്തുന്നു. ജലം അവരുടെ കൃഷിക്കളങ്ങളില്‍ പച്ചപ്പായി പടരുന്നു. ഒട്ടകങ്ങളുടെ കാലുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു, ആട്ടിന്‍ പറ്റങ്ങള്‍ക്ക് കൂടുതല്‍ പാല്‍ ചുരത്താന്‍ സഹായിക്കുന്നു, അവരുടെ അടുക്കളകളെ സമ്പന്നമാക്കുന്നു. പല യാത്രകളിലും വീടിന്റെ അജീവനത്തിനായി കഠിനമായി ജോലി ചെയ്യുന്ന ബദുസ്ത്രീകളെ കണ്ടിട്ടുണ്ട്.
ചില മാസങ്ങള്‍ക്ക് മുമ്പ് അറബ് പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നിരുന്നു. മരുഭൂ ഗ്രാമങ്ങളിലൊന്നില്‍ ഒരു വീട്ടമ്മ കറിക്കത്തിക്കൊണ്ട് ചെന്നായയെ നേരിട്ട വാസ്തവ കഥ. മരുഭൂമിയില്‍ ചെന്നായ്ക്കളും കുറുനരികളുമുണ്ട്. ആടുകളെ ലക്ഷ്യമിട്ടാണ് മിക്കപ്പോഴും ചെന്നായ്ക്കള്‍ വരിക. അങ്ങിനെ ഒരു വീട്ടില്‍ എത്തിയ ചെന്നായയെ ഈ വീട്ടമ്മ കറിക്കത്തിക്കൊണ്ട് കൊന്നു. നേരത്തെ ഇവരുടെ ഭര്‍ത്താവിനെ ഇതേ ചെന്നായ ആക്രമിച്ചിരുന്നു. വീണ്ടും തങ്ങളെ ആക്രമിക്കാന്‍ എത്തിയ ചെന്നായയെ നേരിടാന്‍ ധീരയായ ഈ ബദു സ്ത്രീക്ക് കറിക്കത്തി മാത്രം മതിയായിരുന്നു.


മരുഭൂ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി ഗാഥകള്‍ കേള്‍ക്കാം. ധീരതയും കഠിനാധ്വാനവും ഒന്നു ചേരുന്ന പെണ്ണറേബ്യയുടെ കഥകള്‍. പല യാത്രകളിലും ഇത്തരത്തിലുള്ള അതിജീവന ഗാഥകള്‍ കേട്ടിട്ടുണ്ട്. അപൂര്‍വമായി മാത്രം അത്തരം ഗാഥകളിലെ നായികമാരെ കണ്ടിട്ടുമുണ്ട്. അവരാകട്ടെ തങ്ങളുടെ ജീവിതത്തിലെ തീര്‍ത്തും സാധാരണമായ കാര്യം എന്ന നിലയില്‍ മാത്രമാണ് ഇത്തരം സംഭവങ്ങളെ കാണുന്നത്. കാരണം മരുഭൂ പ്രകൃതിയില്‍ സ്ത്രീകള്‍ അത്രയേറെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. പ്രകൃതിയും തങ്ങളും ഒന്ന് എന്നവര്‍ പ്രഖ്യാപിക്കുന്നു.
ബദു സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഇന്നും വേണ്ട നിലയില്‍ ഉയര്‍ന്നിട്ടില്ല. വിദ്യാഭ്യാസത്തിനുവേണ്ടി പല വിധ ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും, നിരവധി സ്ഥാപനങ്ങള്‍ വരുന്നുണ്ടെങ്കിലും. എന്നിട്ടും അവര്‍ക്കിടയില്‍ വാമൊഴിക്കവയത്രികളുണ്ടെന്നത് അല്‍ഭുതപ്പെടുത്തുന്നതാണ്. മുനീറ അല്‍ ഗദീര്‍ രചിച്ച മരുഭൂമിയില്‍ നിന്നുള്ള ശബ്ദങ്ങള്‍- സൗദി അറേബ്യയിലെ ബദു സ്ത്രീകളുടെ കവിതകള്‍- എന്ന പുസ്തകം വായിക്കുമ്പോഴാണ് മരുഭൂമിയില്‍ നിന്നുള്ള സ്ത്രീകളുടെ ഭാവനയുടെ ശക്തിയും അവരുടെ സ്വപ്നങ്ങളുടെ ആഴവും നമുക്ക് മനസ്സിലാക്കുക. ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെടുകയോ വിശകലന വിധേയമാക്കുകയോ ചെയ്യുന്ന കവിതകളില്‍ ഭൂരിഭാഗവും നിരക്ഷര സ്ത്രീകളുടെ വാമൊഴിക്കവിതകളാണ്.
ഈ കവിതകളില്‍ ഏറ്റവും പ്രധാനപ്പെട്ട രൂപകം യാത്രയാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. അടുക്കളയില്‍ നിന്ന് മുറ്റത്തേക്ക്, കിണറ്റില്‍ വക്കില്‍ നിന്ന് ആലയിലേക്ക്, വെയിലില്‍ നിന്ന് തണലിലേക്ക്- ഇത്ര ദൂരമാണ് അവര്‍ യാത്ര ചെയ്യുന്നത്. പക്ഷെ ആ യാത്ര കവിതയില്‍ വരുമ്പോള്‍ ദേശാന്തര ഗമനത്തെ തോല്‍പ്പിക്കുന്നു. യാത്രാ എഴുത്തുകാരെ അസൂയാലുക്കളാക്കുന്നു. അവരുടെ എല്ലാ യാത്രകളും ചെന്നു ചേരുന്ന കവല നിത്യജീവിതത്തിന്റേതാണ്. അതിനാല്‍ അവരുടെ യാത്രകളുടെ പേരും നിത്യജീവിതം എന്നു തന്നെ. വീട്ടിലുള്ള കുഞ്ഞിന് മുലയൂട്ടാനായി ഓടുന്ന ഉമ്മയുടെ വേഗത്തെ മാന്‍വേഗമായി ഈ പുസ്‌കത്തിലെ ഒരു കവിതയില്‍ വിശേഷിപ്പിക്കുന്നുണ്ട്. ബദു സ്ത്രീ ജീവിതത്തിന്റെ പ്രകടനപത്രിക ഈ വാക്കാണ്- മാന്‍വേഗം.