ഒമാനില്‍ വാറ്റ് നികുതി ഒഴിവാക്കിയവ ഏതെല്ലാമെന്ന് അറിയൂ

മസ്‌കത്ത്: നിത്യോപയോഗ സാധനങ്ങളില്‍ ചിലത് ഒഴികെ അഞ്ച് ശതമാനം നികുതി പ്രഖ്യാപിച്ച് ഒമാന്‍. ആറ് മാസത്തിനുള്ളിലാണ് നികുതി ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ചുമത്താന്‍ ഒമാന്‍ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖ് അല്‍ സെയ്ദ് തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്.
നിലവിലെ നിയമത്തില്‍ ചില ഭേദഗതി പ്രഖ്യാപിച്ചാണ് വാറ്റ് നിയമം മിക്ക ചരക്കുസേവനങ്ങളില്‍ ചുമത്തിയതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
പുകയില, എനര്‍ജി ഡ്രിങ്കുകള്‍, ലഹരിപാനീയങ്ങള്‍, പന്നിയിറച്ചി എന്നിവയ്ക്കും 100 ശതമാനം നികുതിയും ചില്ലറ വിലയുടെ അടിസ്ഥാനത്തില്‍ ശീതളപാനീയങ്ങള്‍ക്കും 50 ശതമാനം നികുതി പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ല്‍ അഞ്ച് ശതമാനം വാറ്റ് ചുമത്താനാണ് സുല്‍ത്താനേറ്റ് ഉദ്ദേശിച്ചതെങ്കിലും 2020 വരെ മാറ്റിവച്ചിരുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സിലി (ജിസിസി)ലെ എല്ലാ രാജ്യങ്ങളും ഇതിനകം നികുതി തീരുമാനിച്ചിരുന്നു. യുഎഇയും ബഹ്റൈനും അഞ്ച് ശതമാനം വാറ്റ് നിയമം നടപ്പാക്കി. സൗദിയില്‍ 15 ശതമാനമാണ് വാറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ജീവിതച്ചെലവില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുയാണ്. വാറ്റും ലെവിയും കുടുംബാംഗങ്ങളെ നാട്ടിലേക്ക് അയക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും വിലയിരുത്തലുണ്ട്.

നികുതി ഒഴിവാക്കിയവ
1 അവശ്യ ഭക്ഷ്യവസ്തുക്കള്‍.
2- മെഡിക്കല്‍ കെയര്‍ സേവനങ്ങളും അനുബന്ധ ചരക്കുകളും സേവനങ്ങളും.
3- വിദ്യാഭ്യാസ സേവനങ്ങളും അനുബന്ധ ചരക്കുകളും സേവനങ്ങളും.
4- സാമ്പത്തിക സേവനങ്ങള്‍.
5- അവികസിത ഭൂമി (ഒഴിഞ്ഞ ഭൂമി)
6- നിലവില്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ പുനര്‍വില്‍പ്പന.
7- യാത്രക്കാരുടെ ഗതാഗത സേവനങ്ങള്‍.
8- പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി റിയല്‍ എസ്റ്റേറ്റ് വാടകയ്ക്ക്.
9 – മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിതരണം.
10- നിക്ഷേപ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം വിതരണം.
11- അന്താരാഷ്ട്ര ഗതാഗത വിതരണവും ചരക്കുകളുടെയും യാത്രക്കാരുടെയും കൈമാറ്റവും അനുബന്ധ സേവനങ്ങളും.
12- രക്ഷാപ്രവര്‍ത്തന, സഹായ വിമാനങ്ങളുടെയും കപ്പലുകളുടെയും വിതരണം.
13-അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്‍പന്നങ്ങള്‍, പ്രകൃതിവാതകം എന്നിവയുടെ വിതരണം.
14- വാണിജ്യ ആവശ്യങ്ങള്‍ക്കായി ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതത്തിനും ഗതാഗതവുമായി ബന്ധപ്പെട്ട ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിനായി കടല്‍, വായു, കര ഗതാഗതം വഴി വിതരണം ചെയ്യുക.
15- വൈകല്യമുള്ളവര്‍ക്കും ചാരിറ്റികള്‍ക്കും വേണ്ടിയുള്ളത്‌