വന്ദേഭാരത്; സൗദിയില്‍ നിന്നുള്ള വിമാനങ്ങള്‍

റിയാദ്: വന്ദേഭാരത്ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യയില്‍ ഒമ്പത് സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ നല്‍കിയിട്ടുള്ളത്. ജിദ്ദയില്‍ നിന്നും മുംബൈ വഴിയാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍. എന്നാല്‍ മുംബൈയില്‍ ഒരു മണിക്കൂര്‍ സ്റ്റോപ്പ് മാത്രമാണ് ഉണ്ടാവുക എന്നും യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടതില്ലെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിക്കുകയുണ്ടായി. വൈകീട്ട് 5.10ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.25ന് മുംബൈയില്‍ എത്തിച്ചേരുന്നതാണ്. ശേഷം 1.25ന് പുറപ്പെട്ട് 3.20ന് കോഴിക്കോട്ടെത്തുകയും ചെയ്യും. മുതിര്‍ന്നവര്‍ക്ക് 1061 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 835 റിയാല്‍, രണ്ട് വയസിന് താഴെ 163 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ ഉള്ളത്.
ഒക്ടോബര്‍ 14, 18, 21 തീയതികളില്‍ ഡല്‍ഹി വഴി ലക്നോ, 15, 22 തീയതികളില്‍ ഹൈദരാബാദ് വഴി മുംബൈ എന്നിവയാണ് മറ്റു സര്‍വീസുകള്‍ നല്‍കിയിട്ടുള്ളത്. മുതിര്‍ന്നവര്‍ക്ക് 1360 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 1061 റിയാല്‍, രണ്ട് വയസിന് താഴെ 193 റിയാല്‍ എന്നിങ്ങനെയാണ് ഈ സര്‍വീസുകളുടെ ടിക്കറ്റ് നിരക്കുകള്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എയര്‍ ഇന്ത്യ ഓഫീസിനെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.