കരിപ്പൂരില്‍ ഗുളിക രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ അന്തരാഷ‌്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട‌് കസ‌്റ്റംസ‌് പ്രിവന്റീവ‌് വിഭാഗം ഉദ്യോഗസ്ഥരാണ‌് ദുബായിൽ നിന്ന‌് കൊണ്ടുവന്ന 800 ഗ്രാം സ്വർണം പിടിച്ചത‌്. കോഴിക്കോട‌് വെളിമണ്ണ സ്വദേശി കുണ്ടത്തിൽ ഇബ്രാഹിം ഷെരീഫ‌് എന്നയാളാണ‌് സ്വർണം കൊണ്ടുവന്നത‌്. ഗുളിക രൂപത്തിലാക്കിയ സ്വർണമിശ്രിതം ശരീരത്തിൽ സ്വകാര്യ ഭാഗത്ത‌് ഒളിപ്പിച്ച നിലയിലായിരുന്നു. ശനിയാഴ‌്ച രാത്രി ദുബായിൽ നിന്നെത്തിയ സ‌്പൈസ‌് ജെറ്റ‌് വിമാനത്തിലാണ‌് ഇയാൾ എത്തിയത‌്. ഗ്രീൻ ചാനൽ വഴി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ‌് കസ‌്റ്റംസിന്റെ പിടിയിലായത‌്.കോഴിക്കോട‌് കസ‌്റ്റംസ‌് പ്രിവന്റീവ‌് വിഭാഗം ഡെപ്യൂട്ടി കമീഷണർ ടി എ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് സ്വർണം പിടിച്ചത‌്. സൂപ്രണ്ട‌് കെ കെ പ്രവീൺകുമാർ, ഇൻസ‌്പെക്ടർമാരായ എം പ്രതീഷ‌്, ഇ മുഹമ്മദ‌് ഫൈസൽ, സന്തോഷ‌് ജോൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.