സൗദി തൊഴില്‍ മേഖലയില്‍ വനിതകളുടെ മുന്നേറ്റം; ആംബുലന്‍സ് ഡ്രൈവറാകാനും വനിതകള്‍

റിയാദ്: സൗദി തൊഴില്‍ മേഖലയില്‍ വനിതകളുടെ മുന്നേറ്റം തുടരുന്നു. എല്ലാ മേഖലയിലും വനിതകള്‍ ജോലിയില്‍ കയറിക്കഴിഞ്ഞു. ഇപ്പോഴിതാ ആംബുലന്‍സ് ഡ്രൈവറുടെ ജോലിയും സ്വദേശി വനിതകള്‍ ഏറ്റെടുത്തു.
സൗദിയില്‍ വാഹനമോടിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കിയതിനു പിന്നാലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റുകളായി ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ആംബുലന്‍സുകള്‍ ഓടിക്കാന്‍ ആരോഗ്യ മന്ത്രാലയം അനുവദിക്കുകയായിരുന്നു.
ഇങ്ങനെ ആംബുലന്‍സ് ഓടിക്കുന്നവരില്‍ ഒരാളാണ് എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്ന ഈമാന്‍ അബ്ദുല്‍ അസീം. ആംബുലന്‍സ് ഓടിക്കുന്നതില്‍ ഒരുവിധ ബുദ്ധിമുട്ടും താന്‍ നേരിടുന്നില്ലെന്ന് ഈമാന്‍ പറയുന്നു. തരക്കേടില്ലാത്ത വേഗത്തിലാണ് താന്‍ ആംബുലന്‍സ് ഓടിക്കുന്നത്. 2015 ല്‍ ഹെല്‍ത്ത് സയന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ തനിക്ക് ആംബുലന്‍സുകളില്‍ മറ്റു ആശുപത്രിയിലേക്ക് നീക്കുന്നതിനിടെ രോഗികളുടെ ആരോഗ്യ സ്ഥിതിഗതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ചുമതല മാത്രമാണ് തുടക്കത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ താന്‍ ആംബുലന്‍സസുകള്‍ ഓടിക്കുന്നു.
സൗദിയില്‍ കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് താന്‍ രോഗികളെ ആശുപത്രിയിലേക്ക് നീക്കുന്നതിന് ആംബുലന്‍സുകള്‍ ഓടിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ താന്‍ ആംബുലന്‍സില്‍ രോഗികളെ ആശുപത്രിയിലേക്ക് നീക്കുന്നതോടൊപ്പം രോഗികളുടെ ആരോഗ്യ സ്ഥിതിഗതികളുടെ ഉത്തരവാദിത്വവും രോഗിയുടെയും തനിക്കൊപ്പമുള്ള മറ്റുള്ളവരുടെയും ഉത്തരവാദിത്തവും വഹിക്കുന്നതായി ഈമാന്‍ പറയുന്നു.
സൗദിയില്‍ പുരുഷന്മാരെ അപേക്ഷിച്ച് ജോലിയില്‍ തുടരുന്നവര്‍ സ്ത്രീകളാണെന്ന് അടുത്തിടെ ഒരു സര്‍വെയില്‍ കണ്ടെത്തിയിരുന്നു. മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ബില്ലിങ് ജോബുകള്‍ സൗദി വനിതകള്‍ കൈയടക്കിക്കഴിഞ്ഞു.