വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്‌

തിരുവനന്തപുരം : 44ാമത്‌ വയലാർ അവാർഡ്‌ ഏഴാച്ചേരി രാമചന്ദ്രന്റെ “ഒരു വെർജീനിയൻ വെയിൽക്കാലം ‘ എന്ന കവിതാസമാഹാരത്തിന്‌. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം  പ്രഖ്യാപിച്ചത്‌.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്‌ത  ശിൽപവും പ്രശസ്‌തി പത്രവുമാണ്‌ അവാർഡ്‌.ഡോ കെ പി മോഹനൻ, ഡോ എൻ മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ​ഗോപകുമാർ എന്നിവരായിരുന്നു അവാർഡ് നിർണ്ണയ കമ്മിറ്റിയംഗങ്ങൾ.കോട്ടയം ജില്ലയിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചു. ദേശാഭിമാനി അസിസ്‌റ്റൻറ്‌ എഡിറ്ററായിരുന്നു. വാരാന്തപ്പതിപ്പിന്റെ ചുമതലയുമുണ്ടായിരുന്നു.  മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.ചന്ദന മണീവാതില് പാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു. ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്, നീലി, കയ്യൂർ, ഗന്ധമാദനംഎന്നിലൂടെ, തങ്കവും തൈമാവും(ബാലകവിതകൾ), ജാതകം കത്തിച്ച സൂര്യൻ, മഴ വരയ്‌ക്കുന്ന ഗുഹാചിത്രങ്ങൾ, അമ്മവീട്ടിൽപ്പക്ഷി(ബാലകവിതകൾ) എന്നിവയാണ്‌ പ്രധാന കൃതികൾ . ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) എന്നിവ പ്രധാന കൃതികളാണ്‌.

കേരള സാഹിത്യ അക്കാദമി അവാർഡ് , സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് , ഉള്ളൂർ അവാർഡ്, അബുദാബി ശക്തി അവാർഡ് , മൂലൂർ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌.