റിയാദില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തത് ഇന്ത്യന്‍ എംബസിയിലേക്ക് നാലോളം മെയില്‍ അയച്ച ശേഷം

റിയാദ്: സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തത് ഇന്ത്യന്‍ എംബസിയിലേക്ക് നാലോളം കത്തുകള്‍ അയച്ച ശേഷം. റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ താമസസ്ഥലത്ത് കാണപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള താമസസ്ഥലത്തെ സ്റ്റെയര്‍കേസിലാണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഒന്നര വര്‍ഷമായി ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി.
ഒരാഴ്ച മുമ്പ് കോണ്‍ട്രാക്റ്റ് പേപ്പറിന്റെ കോപ്പി നഷ്ടപ്പെട്ടെന്നും വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ട് എച്ച്.ആര്‍ മാനേജര്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിക്ക് ഒരാഴ്ച മുമ്പ് പരാതി നല്‍കിയിരുന്നു. താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി ഡോക്ടര്‍മാരും എച്ച്.ആര്‍ മാനേജരും ആയിരിക്കുമെന്ന് എംബസിക്ക് അയച്ച അവസാന കത്തില്‍ സൂചിപ്പിച്ചിരുന്നു. മൃതദേഹം ശുമൈസി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.