എയര്‍ ബബിള്‍സ് പദ്ധതി; ഇന്ത്യയില്‍ നിന്നു വിമാന സര്‍വീസ് മൂന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രം

ന്യൂഡല്‍ഹി: എയര്‍ ബബിള്‍സ് പദ്ധതി പ്രകാരം ഇന്ത്യയില്‍ നിന്നു വിമാന സര്‍വീസ് മൂന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രം. യു.എ.ഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കാണ് നിലവില്‍ സര്‍വീസുള്ളത്. കോവിഡ് ശക്തമായി നിലനില്‍ക്കുമ്പോഴും ഇന്ത്യ 16 രാജ്യങ്ങളുമായി എയര്‍ ബബിള്‍ പദ്ധതി പ്രകാരം വിമാനസര്‍വീസ് പുനരാരംഭിച്ചത്. യുഎസ്എ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, മാലിദ്വീപ്, യുഎഇ, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ജപ്പാന്‍, നൈജീരിയ, കെനിയ, ഇറാഖ്, ഭൂട്ടാന്‍, ഒമാന്‍ എന്നീ 16 രാജ്യങ്ങളുമായാണ് നിലവില്‍ സര്‍വീസ് ആരംഭിച്ചത്. ഈ രാജ്യങ്ങളുമായി എയര്‍ ബബിള്‍ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ഇനി സര്‍വീസ് ആരംഭിക്കാനിരിക്കുന്നത് ഇറ്റലി, ബംഗ്ലാദേശ്, കസാക്കിസ്ഥാന്‍, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങളിലേക്കാണ്. ഒക്ടോബര്‍ 30 വരെ അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. അതേസമയം ചരക്ക് നീക്കം നടക്കുന്നുണ്ട്.
2021 മാര്‍ച്ച്-ഏപ്രില്‍ വരെയാണ് നിലവില്‍ എയര്‍ ബബിള്‍ ക്രമീകരണം. അതേസമയം രാജ്യത്തെ ആഭ്യന്തരവിമാന സര്‍വീസില്‍ യാത്രക്കാര്‍ വര്‍ധിക്കുന്നു. ഈ മാസം അവസാനത്തോടെ ദിവസവും രണ്ടു ലക്ഷം പേര്‍ ആഭ്യന്തര സര്‍വീസില്‍ യാത്രചെയ്യുമെന്ന് ജനുവരിയോടെ അത് മൂന്നു ലക്ഷത്തിലേക്ക് ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആഭ്യന്തര റൂട്ടുകളില്‍ കോവിഡിന് മുമ്പുണ്ടായിരുന്നതിന്റെ 75 ശതമാനം വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. കോവിഡ് ലോക്ക് ഡൗണ്‍ മാറിയതോടെ നിലവിലുള്ളതിന്റെ മൂന്നിലൊന്ന് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ, പിന്നീട് 45 ശതമാനമായും നിലവില്‍ 60 ശതമാനമായും ഉയര്‍ത്തി.