സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണു കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ജിദ്ദ: സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണു കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി.
അങ്ങാടിപ്പുറം സ്വദേശിയും മക്കയിലെ ബഡ്ജറ്റ് കമ്പനിയിലെ ജോലിക്കാരനുമായ മൂന്നാക്കല്‍ മുഹമ്മദ് അലി ജിദ്ദയ്ക്കു സമീപത്തെ ശുഹൈബയില്‍ വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. അവധി ദിനമായ വെള്ളിയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു. ചൂണ്ടയിടുന്നതിനിടെ ശക്തമായ പൊടിക്കാറ്റടിച്ചതിനാല്‍ കണ്ണിലേക്ക് മണല്‍ കയറുന്നത് ഒഴിവാക്കാന്‍ വണ്ടിയിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞ് തിരിച്ചുപോയ മുഹമ്മദലിയെ കണ്ടെത്താനായില്ല. കാറ്റിന്റെ ശക്തി കുറഞ്ഞപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ചൂണ്ടയും മാസ്‌കും കണ്ടെത്തിയെങ്കിലും മുഹമ്മദലിയെ കണ്ടെത്തിയില്ല. രണ്ടു ദിവസമായി നടക്കുന്ന തിരച്ചിലിനൊടുവില്‍ ശുഹൈബയിലെ വെള്ളക്കെട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം നടത്തുമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.