ബുര്‍ജില്‍ ഗാന്ധിജിയുടെ ചിത്രം തെളിഞ്ഞു

മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ 151-ാം ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ആദരവ് പ്രകടിപ്പിച്ചത്. വൈകീട്ട് 8.15 നാണ് ഗാന്ധിയുടെ സന്ദേശവും ചിത്രവും ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. 
അതേസമയം, ’21-ാം നൂറ്റാണ്ടില്‍ ഗാന്ധി സന്ദേശത്തിന്റെ പ്രസക്തി’ എന്ന പ്രത്യേക പരിപാടി  വൈകുന്നേരം ഏഴ് മണിക്ക് സോഷ്യല്‍ മീഡിയ പേജുകളിലൂടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംപ്രേഷണം ചെയ്തു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബുര്‍ജ് ഖലീഫയുടെ പരിസരം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വൃത്തിയാക്കിയിട്ടുമുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയോടെ വിവിധ സ്ഥലങ്ങളിലായി 151 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈനില്‍ വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചതായി കോണ്‍സുലേറ്റ് വെളിപ്പെടുത്തി.  
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ത്രിവര്‍ണ്ണ പതാകയുടെ പശ്ചാത്തില്‍ ഗാന്ധിജിയുടെ സന്ദേശങ്ങളും ബുര്‍ജില്‍ വിളങ്ങി. വിവിധ രാജ്യങ്ങളുടെ വിശേഷ ദിനങ്ങളോടനുബന്ധിച്ച് ബുര്‍ജ് ഖലീഫയുടെ നിറവും ചിത്രവും മാറുന്നത് പതിവാണ്.