ഹൃദയസ്തംഭനം ഉണ്ടാവാതിരിക്കാന്‍ ചോക്ലേറ്റ്!

ചോക്ലേറ്റ് കഴിച്ച്‌ ഹൃദയസ്തംഭനം ചെറുക്കാമെന്ന് പുതിയ കണ്ടെത്തല്‍. മാസത്തില്‍ മൂന്ന് ബാര്‍ ചോക്ലേറ്റ് കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും രക്ഷപെടാമെന്നാണ് കണ്ടെത്തല്‍. ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ മൗണ്ട് സീനായിലുള്ള ഐക്കാന്‍ മെഡിക്കല്‍ സ്‌കൂളാണ് പുതിയ മരുന്നിനെ ലോകത്തിന് പരിചയപ്പെടുത്തിയത്.ഏകദേശം അഞ്ചുലക്ഷത്തോളം ആളുകളില്‍ പലതവണയായി നടത്തിയ പഠനത്തിന് ശേഷമാണ് ഐക്കാന്‍ മെഡിക്കല്‍ സ്‌കൂള്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. മറ്റുള്ളവരെ വച്ച്‌ താരതമ്യം ചെയ്യുമ്ബോള്‍ ചോക്ലേറ്റ് കഴിക്കുന്നവര്‍ക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യത 13 ശതമാനം കുറവുള്ളതായി കണ്ടെത്തി. ചോക്ലേറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കൊക്കോയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡിന്റെ സാന്നിധ്യം രക്തധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതാണ് ശരീരത്തെ ഹൃദയസ്തംഭനത്തില്‍ നിന്നും സംരക്ഷിക്കുന്നതെന്നാണ് കണ്ടെത്തല്‍.എന്നാല്‍, ഇതൊക്കെ മനസില്‍ വച്ച്‌ അധികമായി ചോക്ലേറ്റ് കഴിച്ച്‌ പ്രമേഹം വരുത്തിവയ്ക്കരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.