കളിച്ചും ചിരിച്ചും പഠിച്ചും ഒരുമിച്ചു വളര്‍ന്നവര്‍; മരണത്തിലും ഒരുമിച്ചു

ദമാം: കളിച്ചും ചിരിച്ചും പഠിച്ചും ഒരുമിച്ചു വളര്‍ന്നവര്‍. മരണത്തിലും ഒരുമിച്ചു.
സൗദിയിലെ ദമാം അല്‍ ഖോബാര്‍ ഹൈവേയിലെ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളികളും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്നുപേരും ദമ്മാം ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍

കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22 ), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22 ), വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ആന്‍സിഫ് (22 ), എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ ദമാം റഹ്മാന്‍ മാളിന് സമീപമാണ് അപകടം. ഇവര്‍ ഓടിച്ചിരുന്ന ഹ്യുണ്ടായ് കാര്‍ ഹൈവേയില്‍ നിന്ന് പാരലല്‍ റോഡിലേക്കിറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഇപ്പോള്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗദി ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു മൂന്നുപേരും എന്നാണ് വിവരം.